Sub Lead

മഹാരാഷ്ട്രയില്‍ നാടകം തുടരുന്നു; മഹാസഖ്യത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അടിയന്തര സാഹചര്യം കണക്കിലെടുത്താണ് അവധി ദിനമായ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മഹാരാഷ്ട്രയില്‍ നാടകം തുടരുന്നു; മഹാസഖ്യത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
X

മുംബൈ: നാടകീയ നീക്കങ്ങളിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് അനുമതി നല്‍കിയ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുടെ നടപടി ചോദ്യം ചെയ്ത് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദേവേന്ദ്ര ഫട്‌നവിസിന്റെ പുലര്‍ച്ചെയുള്ള സത്യപ്രതിജ്ഞയെയും സര്‍ക്കാര്‍ രൂപീകരണത്തെയും എതിര്‍ത്തുള്ള ഹര്‍ജി രാവിലെ 11.30 നാണ് പരിഗണിക്കുക.

അടിയന്തര സാഹചര്യം കണക്കിലെടുത്താണ് അവധി ദിനമായ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ദില്ലിയില്‍ ഇല്ല. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോയ ചീഫ് ജസ്റ്റിസ് നാളെയേ മടങ്ങൂ.

അടുത്ത 24 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ശിവസേന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 144 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടേയും ശിവസേനയുടെ എംപി ഗജാനന്‍ കീര്‍ത്തികറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഹര്‍ജി നല്‍കാനെത്തിയിട്ടുള്ളത്.

അജിത് പവാറിനൊപ്പമുള്ള എന്‍സിപി എംഎല്‍എമാരെ കൂടെചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിക്ക് തിരിച്ചടി നേരിടാനാണ് സാധ്യത. നേരത്തെ അജിത് പവാറിനൊപ്പമുണ്ടായിരുന്ന എംഎല്‍എമാരില്‍ ചിലര്‍ എന്‍സിപിയിലേക്ക് തിരിച്ചുപോയതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഒന്‍പത് എംഎല്‍എമാരാണ് അജിത് പവാറിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം, അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കി. അജിത് പവാറിന് പകരം ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷി നേതാവായി എന്‍സിപി തിരഞ്ഞെടുത്തു.

കുതിരക്കച്ചവടത്തിന് സാധ്യതകള്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്പൂരിലേക്ക് കൊണ്ടുപോയി. എന്‍സിപി എംഎല്‍എമാരെയും കഴിഞ്ഞ ദിവസം റിസോര്‍ട്ടിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it