Sub Lead

ഫലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കണം; യുഎസുമായുള്ള സമഗ്ര പ്രതിരോധ കരാര്‍ വേണ്ടെന്ന് വച്ച് സൗദി

ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയില്‍ ആക്കിയാല്‍ മാത്രമേ സമഗ്ര പ്രതിരോധ കരാറില്‍ ഒപ്പിടാനാവൂയെന്നാണ് യുഎസ് സൗദിയെ അറിയിച്ചിരുന്നത്.

ഫലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കണം; യുഎസുമായുള്ള സമഗ്ര പ്രതിരോധ കരാര്‍ വേണ്ടെന്ന് വച്ച് സൗദി
X

റിയാദ്: ഫലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ ഇസ്രായേല്‍ മൂര്‍ത്തമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ യുഎസുമായി സമഗ്ര പ്രതിരോധ കരാര്‍ ഒപ്പിടൂ എന്ന് സൗദി അറേബ്യ തീരുമാനിച്ചതായി റിപോര്‍ട്ട്. ഗസയില്‍ ഇസ്രായേല്‍ അധിനിവേശം നടത്തുന്ന നിലവിലെ സാഹചര്യത്തില്‍ യുഎസുമായി കരാര്‍ ഒപ്പിടാന്‍ സൗദി അറേബ്യ ശ്രമിക്കില്ല. സ്വതന്ത്ര ഫലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ ഇസ്രായേല്‍ മൂര്‍ത്തമായ നടപടികള്‍ സ്വീകരിക്കാത്തിടത്തോളം കാലം അവരുമായുള്ള ബന്ധം സാധാരണഗതിയിലാക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎസിനെ അറിയിച്ചതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ റിപോര്‍ട്ട് പറയുന്നു.

ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയില്‍ ആക്കിയാല്‍ മാത്രമേ സൗദിയുമായി സമഗ്ര പ്രതിരോധ കരാര്‍ ഒപ്പിടാനാവൂയെന്നാണ് യുഎസ് നേരത്തെ സൗദിയെ അറിയിച്ചിരുന്നത്. ഫലസ്തീനികള്‍ സൗദി-ഇസ്രായേല്‍ ബന്ധത്തെ എതിര്‍ത്താലും കരാറില്‍ നിന്ന് പിന്‍മാറാനാവില്ലെന്നും യുഎസ് അറിയിച്ചു. അതായത്, ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ കാര്യമായൊന്നും ചെയ്തില്ലെങ്കിലും സൗദിയുടെ സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ പ്രതിരോധ കരാറുണ്ടാക്കാമെന്നായിരുന്നു നിര്‍ദേശം.

ദ്വിരാഷ്ട്ര പരിഹാരത്തിന് സന്നദ്ധമാണെന്ന് ഇസ്രായേല്‍ പരസ്യമായി പ്രഖ്യാപിക്കുകയാണെങ്കില്‍ കരാറില്‍ ഒപ്പിടാമെന്നാണ് സൗദി അതിന് മറുപടി നല്‍കിയത്. എന്നാല്‍, തൂഫാനുല്‍ അഖ്‌സക്ക് ശേഷം സൗദിയിലും പശ്ചിമേഷ്യയിലുമുണ്ടായ പൊതുജനാഭിപ്രായം പരിഗണിച്ചാണ് പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഫലസ്തീന്‍ രാജ്യം രൂപീകരിക്കാമെന്ന പരസ്യ പ്രഖ്യാപനം പോരാ, മറിച്ച് മൂര്‍ത്തമായ നടപടികള്‍ ഇസ്രായേല്‍ സ്വീകരിക്കണമെന്നതാണ് പുതിയ നിലപാട്.

മുന്‍കാലങ്ങളിലെ അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ രാജ്യം വേണമെന്നാണ് സൗദിയുടെ നിലപാട്. ഇതു മാത്രമേ പ്രദേശത്ത് ശാന്തിയും സുരക്ഷയും കൊണ്ടുവരൂയെന്നും സൗദി പറയുന്നു. ഫലസ്തീന്‍ രാജ്യമില്ലെങ്കില്‍ അക്രമത്തിന്റെ ചക്രം അനന്തമായി ഉരുളുമെന്നും സൗദി ഭയപ്പെടുന്നു. ഇത് രാജ്യത്തിന്റെ വിദേശബന്ധങ്ങളിലും തടസമുണ്ടാക്കും.

ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശത്തെ തള്ളിയുള്ള ഒരു നിലപാട് സ്വീകരിക്കാന്‍ സൗദിക്ക് കഴിയില്ലെന്ന് സൗദിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ഈ മാസം ആദ്യം സൗദിയില്‍ നടന്ന അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ ഗസയിലെ അധിനിവേശം അവസാനിപ്പിച്ചതിന് ശേഷമായിരിക്കും ബന്ധം സാധാരണനിലയില്‍ ആവൂയെന്നാണ് ഇത് സൂചന നല്‍കുന്നത്. ഇസ്രായേലില്‍ പുതിയ ഭരണകൂടം വന്നതിന് ശേഷമേ ബന്ധം സാധാരണ നിലയില്‍ ആവൂയെന്നും മറ്റു ചില റിപോര്‍ട്ടുകള്‍ പറയുന്നു.

സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് താല്‍പര്യമുണ്ടെങ്കിലും ഫലസ്തീനികള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് ഭരണം നഷ്ടപ്പെടാന്‍ കാരണമാവുമോയെന്ന ഭയമുണ്ടെന്നും റോയിട്ടേഴ്‌സിലെ റിപോര്‍ട്ട് പറയുന്നു. ഫലസ്തീനികള്‍ക്ക് ചെറിയ ഇളവുകള്‍ നല്‍കുന്നത് പോലും ഇസ്രായേലിന് ഭീഷണിയാണെന്നാണ് അവിടത്തെ തീവ്രവലതുപക്ഷത്തിന്റെ നിലപാട്. തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ഇല്ലാതായാല്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ വീഴും.

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജോ ബൈഡന്‍ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് പ്രതിരോധ കരാര്‍ ഒപ്പിടാമെന്നാണ് അമേരിക്കയും സൗദിയും ആഗ്രഹിച്ചിരുന്നത്. എന്നാല്‍, പുതിയ സംഭവവികാസങ്ങള്‍ കരാറിന്റെ കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, സമഗ്രമായ കരാറിന് പകരം ഭാഗികമായ കരാറുകള്‍ ഒപ്പിടാന്‍ ഇപ്പോഴും കഴിയും. സൗദിയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തല്‍, സൗദി സൈനികര്‍ക്ക് പരിശീലനം നല്‍കല്‍, പാട്രിയറ്റ് മിസൈല്‍ സംവിധാനം സൗദിയില്‍ വിന്യസിക്കല്‍ എന്നിവ ഭാഗികമായ കരാറിലും നടക്കും.

ഇതിന് സെനറ്റിന്റെ അംഗീകാരവും ആവശ്യമില്ല. എന്നാല്‍, സൗത്ത് കൊറിയയുമായും ജപ്പാനുമായും ഉള്ളതു പോലുള്ള സമഗ്രകരാര്‍ നടക്കുക സാധ്യമല്ല. സൗത്ത് കൊറിയയെ ഏതെങ്കിലും രാജ്യം ആക്രമിച്ചാല്‍ അമേരിക്കയും രംഗത്തെത്തുമെന്നാണ് സൗത്ത് കൊറിയ-അമേരിക്ക കരാര്‍ പറയുന്നത്. അമേരിക്കയെ ഏതെങ്കിലും രാജ്യം ആക്രമിച്ചാല്‍ സൗത്ത് കൊറിയയും സമാനമായ പിന്തുണ നല്‍കണം. സൗദിയുമായി ഇത്തരമൊരു കരാറുണ്ടാവുന്നത് പശ്ചിമേഷ്യയിലെ ചൈനയുടെ സ്വാധീനം കുറക്കാന്‍ സഹായിക്കുമെന്നും യുഎസ് വിലയിരുത്തിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ജോ ബൈഡന്‍ ഒഴിഞ്ഞാല്‍ വരാനിരിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഡോണള്‍ഡ് ട്രംപാണ്. സല്‍മാന്‍ രാജകുമാരനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ട്രംപിന് ഇസ്രായേലുമായും അടുത്തബന്ധമുണ്ട്.

പക്ഷെ, ട്രംപിന്റെ ഇസ്രായേലി-ഫലസ്തീന്‍ സമാധാന പദ്ധതിയില്‍ ഫലസ്തീന്‍ രാജ്യം എന്ന കാഴ്ച്ചപാടേയില്ല. കൂടാതെ ഇസ്രായേലിലെ നയതന്ത്ര പ്രതിനിധിയായി നിയമിക്കാനിരിക്കുന്ന മൈക്ക് ഹക്കബീ കടുത്ത ഇസ്രായേല്‍ അനുകൂലിയാണ്. ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ് കൂടിയായ മൈക്ക് ഹക്കബി നൂറിലേറെ തവണ ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

സൗദി-ഇസ്രായേല്‍ ബന്ധം സാധാരണനിലയിലാക്കാന്‍ സാധ്യമായ വഴികളിലൂടെയെല്ലാം ട്രംപ് സഞ്ചരിക്കുമെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സിലെ ഗവേഷകനായ ഫവാസ് ഗെര്‍ഗസ് പറയുന്നത്. ഗസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ട ശേഷം ബന്ധം മെച്ചപ്പെടുത്താന്‍ പറയാനാണ് സാധ്യത. ആവശ്യമെങ്കില്‍ ഫലസ്തീന്‍ രാജ്യത്തെ കുറിച്ച് വെറുതെ എന്തെങ്കിലും പറയുകയും ചെയ്യും.

ഇപ്പോഴും യുഎസുമായി കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് സൗദി ഗള്‍ഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ചെയര്‍മാനായ അബ്ദുല്‍ അസീസ് അല്‍ സഗീര്‍ പറയുന്നു. പക്ഷെ, സൗത്ത് കൊറിയയും ജപ്പാനുമായുള്ള കരാര്‍ പോലുള്ള സമഗ്രമായ ഒന്നായിരിക്കില്ല അത്.

ഇസ്രായേലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മില്‍ 1993ല്‍ ഒപ്പിട്ട ഓസ്‌ലോ കരാറിന്റെ ഭാഗമായാണ് ദ്വരാഷ്ട്ര വാദം മുഖ്യധാരയിലേക്ക് വരുന്നത്. എന്നാല്‍, ഇതിനോട് ഹമാസിനും ഫലസ്തീന്‍ ഇസ് ലാമിക് ജിഹാദിനും കടുത്ത എതിര്‍പ്പാണുള്ളത്. ഓസ്‌ലോ കരാര്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് ഇരു സംഘടനകളും വാദിക്കുന്നത്. ദുര്‍ബലമായ വിഭാഗങ്ങളുടെ മേല്‍ ബലവാന്‍മാരായവര്‍ നടത്തിയ അതിക്രമമാണ് ഈ കരാര്‍ എന്ന് അവര്‍ വാദിക്കുന്നു.

Next Story

RELATED STORIES

Share it