Sub Lead

മാപ്പ് പറഞ്ഞിട്ടും വിടാതെ സംഘപരിവാരം; ഏഷ്യാനെറ്റ് ലേഖികയ്‌ക്കെതിരേ ബലാല്‍സംഗ-വധ ഭീഷണി

കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിനു നിന്നുകൊടുക്കുന്ന പ്രശ്‌നമില്ലെന്നു ഏഷ്യാനെറ്റിന്റെ പ്രഭാത വാര്‍ത്താ പരിപാടിയായ 'നമസ്‌തേ കേരള'ത്തില്‍ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്റര്‍ പി ജി സുരേഷ്‌കുമാര്‍ വ്യക്തമാക്കി.

മാപ്പ് പറഞ്ഞിട്ടും വിടാതെ സംഘപരിവാരം; ഏഷ്യാനെറ്റ് ലേഖികയ്‌ക്കെതിരേ ബലാല്‍സംഗ-വധ ഭീഷണി
X

കോഴിക്കോട്: പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച പ്രേക്ഷകരുടെ ചോദ്യത്തിനു പരിധിവിട്ട രീതിയില്‍ മറുപടി നല്‍കിയെന്ന വിഷയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ സംഘപരിവാര ഭീഷണി. ഏഷ്യാനെറ്റ് ന്യൂസ് ലേഖിക പി ആര്‍ പ്രവീണയ്‌ക്കെതിരേയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ബലാല്‍സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നത്. ബംഗാളിലെ അതിക്രമങ്ങളെ കുറിച്ച് ഏഷാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫിസിലേക്ക് ഫോണില്‍ വിളിച്ചു ചോദിച്ചയാളോട് കൊറോണ കാരണം ഓക്‌സിജന്‍ കിട്ടാത്ത വാര്‍ത്തയാണ് ഞങ്ങള്‍ കൊടുക്കുന്നതെന്നായിരുന്നു മറുപടി നല്‍കിയത്. പി ആര്‍ പ്രവീണയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഘപരിവാരം വ്യാപകമായ തോതില്‍ ഭീഷണിയുമായി രംഗത്തെത്തിയതോടെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും പി ആര്‍ പ്രവീണയും സാമൂഹിക മാധ്യമത്തിലൂടെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. പ്രകോപനപരമായി സംസാരിച്ച ജീവനക്കാരിക്കെതിരേയും കര്‍ശന നടപടിയെടുത്തതായും എഡിറ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും പി ആര്‍ പ്രവീണയ്‌ക്കെതിരേ ബലാല്‍സംഗ-വധ ഭീഷണികള്‍ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രവീണയുടെ അക്കൗണ്ടുകള്‍ക്കും ഏഷ്യാനെറ്റ് ജീവനക്കാരുടെയും ചാനലിന്റെയും അക്കൗണ്ടുകളില്‍ അസഭ്യം ചൊരിയുകയും കുടുംബാംഗങ്ങളെ വരെ അസഭ്യം പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അസഭ്യവും ഭീഷണിയും രൂക്ഷമായതോടെ പി ആര്‍ പ്രവീണ ഫേസ്ബുക്ക് അക്കൗണ്ടിലെ കമ്മന്റ് ബോക്‌സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനാവാത്ത വിധം മാറ്റംവരുത്തിയിരിക്കുകയാണ്.

അതേസമയം, ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലയില്‍ മാതൃകാപരമായ നടപടി സ്വീകരിച്ച ശേഷവും പരസ്യമായി ബലാല്‍സംഗം ചെയ്യണമെന്നും വധിക്കണമെന്നുമുള്ള രീതിയില്‍ അതിക്രൂരമായ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ആഹ്വാനം ചെയ്യുകയാണെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും വകവച്ചു കൊടുക്കില്ലെന്നും ഏഷ്യാനെറ്റിന്റെ പ്രഭാത വാര്‍ത്താ പരിപാടിയായ 'നമസ്‌തേ കേരള'ത്തില്‍ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്റര്‍ പി ജി സുരേഷ്‌കുമാര്‍ വ്യക്തമാക്കി. കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിനു നിന്നുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും അതികര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Sangh Parivar's Rape and death threats against Asianet reporter

Next Story

RELATED STORIES

Share it