Sub Lead

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് 'തര്‍ക്കമുള്ള മസ്ജിദ് കെട്ടിടമാണെന്ന്'' അലഹബാദ് ഹൈക്കോടതി

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് തര്‍ക്കമുള്ള മസ്ജിദ് കെട്ടിടമാണെന്ന് അലഹബാദ് ഹൈക്കോടതി
X

അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ''തര്‍ക്കമുള്ള മസ്ജിദ് കെട്ടിടമാണെന്ന്'' അലഹബാദ് ഹൈക്കോടതി. റമദാന്‍ മാസത്തോടനുബന്ധിച്ച് മസ്ജിദില്‍ പെയിന്റ് അടിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയിലെ ചൊവ്വാഴ്ച്ചയിലെ ഉത്തരവിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. മസ്ജിദ് പുരാതന ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് സിവില്‍ കോടതിയില്‍ കേസ് നല്‍കിയിട്ടുള്ള അഡ്വ.ഹരിശങ്കര്‍ ജെയ്ന്‍ ഈ ഹരജിയിലും കക്ഷി ചേര്‍ന്നിട്ടുണ്ട്.

കോടതി രേഖകളില്‍ മസ്ജിദ് എന്ന വാക്ക് ഉപയോഗിക്കരുതെന്നും 'തര്‍ക്കമുള്ള കെട്ടിടം' എന്ന് ഉപയോഗിക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അങ്ങിനെ രേഖപ്പെടുത്താന്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ കോടതി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് ശേഷം ഒപ്പിട്ട് ഇറങ്ങിയ ഉത്തരവിലാണ് മസ്ജിദിന് പകരം 'തര്‍ക്കമുള്ള മസ്ജിദ് കെട്ടിടം' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

മസ്ജിദിന്റെ പരിപാലനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും മസ്ജിദ് കമ്മിറ്റിയും തമ്മില്‍ 1927ല്‍ ഒപ്പിട്ട കരാര്‍ അസാധുവാക്കണമെന്നും ഹരിശങ്കര്‍ ജെയ്ന്‍ ആവശ്യപ്പെട്ടു. മസ്ജിദിന്റെ പരിപാലനത്തിന് മസ്ജിദ് കമ്മിറ്റിക്ക് അധികാരം നല്‍കുന്നതാണ് ഈ കരാര്‍. 1958ല്‍ പുരാവസ്തു നിയമം പ്രാബല്യത്തില്‍ വന്നതിനാല്‍ കരാറിന് ബലമില്ലെന്നും ഹരിശങ്കര്‍ ജെയ്ന്‍ വാദിച്ചു. അതേസമയം, ഹൈക്കോടതി നിര്‍ദേശപ്രകാരം മസ്ജിദില്‍ പരിശോധന നടത്തിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. മസ്ജിദിന്റെ ചുവരുകളില്‍ കനത്തില്‍ പെയിന്റ് അടിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട് ആരോപിക്കുന്നത്. കേസ് ഇനി മാര്‍ച്ച് പത്തിനാണ് പരിഗണിക്കുക.

Next Story

RELATED STORIES

Share it