അസാന്‍ജിനെ അമേരിക്കയ്ക്ക് കൈമാറും; കോടതി തീരുമാനം നാളെ

അസാന്‍ജിനെ കൈമാറാനുള്ള അമേരിക്കയുടെ അപേക്ഷ കോടതി നാളെ പരിഗണിക്കുമെന്നും ഇത് സംബന്ധമായ അപേക്ഷയ്ക്ക് താന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതായും സാജിദ് ജാവീദ് ബിബിസി റേഡിയോയെ അറിയിച്ചു.

അസാന്‍ജിനെ അമേരിക്കയ്ക്ക് കൈമാറും; കോടതി തീരുമാനം നാളെ

ലണ്ടന്‍: ജൂലിയന്‍ അസാന്‍ജിനെ അമേരിക്കയ്ക്ക് കൈമാറാനുള്ള അപേക്ഷയില്‍ താന്‍ ഒപ്പുവച്ചതായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവീദ് അറിയിച്ചു. അസാന്‍ജിനെ കൈമാറാനുള്ള അമേരിക്കയുടെ അപേക്ഷ കോടതി നാളെ പരിഗണിക്കുമെന്നും ഇത് സംബന്ധമായ അപേക്ഷയ്ക്ക് താന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതായും സാജിദ് ജാവീദ് ബിബിസി റേഡിയോയെ അറിയിച്ചു.

ജാവീദിന്റെ തീരുമാനത്തോടെ വിക്കിലീക്ക്‌സ് സ്ഥാപകനെ അമേരിക്കയ്ക്ക് കൈമാറാനുള്ള വഴിയൊരുങ്ങും. ചാരവൃത്തി ഉള്‍പ്പെടെ 18ഓളം കുറ്റങ്ങളാണ് യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് അസാന്‍ജിനെതിരേ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പരസ്യപ്പെടുത്തിയെന്നും സര്‍ക്കാര്‍ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറിയെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ പറയുന്നു.

47കാരനായ ആസ്‌ത്രേലിയന്‍ പൗരന്‍ അസാന്‍ജെ കടുത്ത രോഗബാധിതനാണ്. അമേരിക്കയുടെ കൈമാറ്റ അപേക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വാദംകേള്‍ക്കലില്‍ അസുഖം കാരണം അദ്ദേഹത്തിന് ഹാജരാവാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നാളത്തേക്ക് മാറ്റുകയായിരുന്നു. അസാന്‍ജെയുടെ രോഗസ്ഥിതിക്കനുസരിച്ച് അദ്ദേഹം കഴിയുന്ന ബെല്‍മിഷ് ജയിലില്‍ വച്ച് വാദംകേള്‍ക്കല്‍ നടത്തിയേക്കും.

2010ലെ ഒരു ബലാല്‍സംഗക്കേസില്‍ അസാന്‍ജെയെ വിട്ടുകിട്ടാന്‍ സ്വീഡന്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍, അസാന്‍ജെയെ കേസില്‍ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് സ്വീഡനിലെ ഉപ്പ്‌സാല ജില്ലാ കോടതി കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു.

സ്വീഡനിലേക്ക് നാടുകടത്തുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ നേരത്തേ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരുന്ന അസാന്‍ജ് കഴിഞ്ഞ ഏഴ് വര്‍ഷമായി അവിടെയാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഏപ്രിലില്‍ ഇക്വഡോര്‍ അസാന്‍ജിന് നല്‍കിയിരുന്ന അഭയം റദ്ദാക്കി. ഇതോടെ ബ്രിട്ടീഷ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ബ്രിട്ടീഷ് കോടതി 50 ആഴച്ചത്തെ തടവാണ് അസാന്‍ജിന് വിധിച്ചത്. അതിന് പിന്നാലെയാണ് അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കം.

ജാവിദ് അംഗീകാരം നല്‍കിയതോടെ അസാന്‍ജിന്റെ കൈമാറ്റത്തിന് ഇനി ഔപചാരിക നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളുവെന്ന് പ്രമുഖ അഭിഭാഷകന്‍ തോമസ് ഗാരന്‍നര്‍ പറഞ്ഞു.

RELATED STORIES

Share it
Top