Sub Lead

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം: അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലിസ്

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം: അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലിസ്
X

തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പോലിസ് അവസാനിപ്പിക്കുന്നു. കേസില്‍ സജി ചെറിയാനെതിരേ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലിസ് അന്വേഷണം അവസാനിപ്പിക്കുന്നത്. സജി ചെറിയാനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പോലിസിന് നിയമോപദേശം നല്‍കിയിരിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരമാണ് സജി ചെറിയാനെതിരേ പോലിസ് കേസെടുത്തത്. ഈ കേസില്‍ അന്വേഷണം നടത്തി ഒരു റഫര്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലിസ് ഒരുങ്ങുന്നത്.

ഏത് വകുപ്പുകള്‍ പ്രകാരമാണോ കേസെടുത്തത്, അത് തെളിയിക്കുന്നതിനുള്ള തെളിവുകളില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പിക്കാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്. ഇതുകൂടി ചേര്‍ത്താവും പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കുക. ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ ''ചൂഷണത്തിന് ഏറ്റവും ഉതകുന്ന, കൊള്ളയടിക്കാന്‍ സഹായം നല്‍കുന്ന നിയമങ്ങളുള്ളത്''എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു.

മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടച്ചക്രം എന്ന് സംബോധന ചെയ്ത് സജി ചെറിയാന്‍ ആക്ഷേപിച്ചിരുന്നു. തൊഴില്‍ സമരങ്ങള്‍ അംഗീകരിക്കാത്ത, തൊഴിലാളികളെ ചൂഷണത്തിന് വിധേയരാക്കുന്നതാണ് ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തിരുന്നു.

ഭരണഘടനയുടെ അന്തസ്സത്തയെ അപമാനിച്ച സജി ചെറിയാന്‍, സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ മന്ത്രിസ്ഥാനം രാജിവച്ചു. എന്നാല്‍, ശാസ്ത്രീയമായ അന്വേഷണം നടത്താതെയും ചോദ്യം ചെയ്യലിന് സജി ചെറിയാനെ വിളിപ്പിക്കാതെയും മെല്ലെപ്പോക്ക് നയം സ്വീകരിച്ച പോലിസ്, കേസ് നില്‍നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച പരാതിക്കാരന്‍ നോട്ടീസ് നല്‍കുകയായിരുന്നു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാനോ സജി ചെറിയാന്റെ ശബ്ദസാംപിള്‍ പരിശോധനയ്ക്ക് വിധേയമാക്കാനോ പോലിസ് തുനിഞ്ഞിരുന്നില്ല. കേസില്‍ അപ്പീല്‍ നല്‍കുമെന്നും അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും പരാതിക്കാരന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it