Sub Lead

ആലപ്പുഴയിൽ ആർഎസ്എസ് വ്യാപക കലാപമഴിച്ച് വിടുന്നു; എസ്ഡിപിഐ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി എസ്ഡിപിഐ ചേർത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് നേരെ ആർഎസ്എസ് നടത്തിയ അക്രമം ആസൂത്രിതമാണ്.

ആലപ്പുഴയിൽ ആർഎസ്എസ് വ്യാപക കലാപമഴിച്ച് വിടുന്നു; എസ്ഡിപിഐ
X

ആലപ്പുഴ: കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൻ്റെ മറവിൽ ജില്ലയിൽ ആർഎസ്എസ് വ്യാപക കലാപമഴിച്ചു വിടുകയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ്. മുസ്‌ലിം സ്ഥാപനങ്ങളും, വാഹനങ്ങളും തിരഞ്ഞു പിടിച്ച് അഗ്നിക്കിരയാക്കുകയാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജില്ലയിൽ ഉടനീളം എസ്ഡിപിഐ കൊടിമരങ്ങൾ കേടുവരുത്തി. ചിലയിടങ്ങളിൽ പിഡിപി, എസ്എസ്എഫ് പതാകകളും, കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. പോലിസിനെ നിസ്സഹായരാക്കി കൊണ്ട് ആർഎസ്എസ് നിയമ വാഴ്‌ച്ചയെ വെല്ലുവിളിക്കുകയാണ്. ആർഎസ്എസ്ൻ്റെ കലാപ നീക്കത്തെ പോലിസ് ശക്തമായി അമർച്ച ചെയ്തില്ലെങ്കിൽ ജനകീയമായി ചെറുക്കേണ്ട സാഹചര്യത്തിലേക്ക് സ്ഥിതിഗതികൾ കൊണ്ടെത്തിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി എസ്ഡിപിഐ ചേർത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് നേരെ ആർഎസ്എസ് നടത്തിയ അക്രമം ആസൂത്രിതമാണ്. ജാഥ വയലാറിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകർ ജാഥയെ തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നു. എസ്ഡിപിഐ പ്രവർത്തകർ അത് വകവെക്കാതെ ജാഥയുമായി മുന്നോട്ട് പോവുകയും ചെയ്തു.

എന്നാൽ പിന്നീട് ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആർഎസ്എസ് ക്രിമിനലുകൾ പ്രകടനം നടത്തുകയും എസ്ഡിപിഐ പ്രവർത്തകൻ്റെ സ്ഥാപനം അടിച്ചു തകർക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ എസ്ഡിപിഐ പ്രകടനത്തിന് നേരെ മാരകായുധങ്ങളുമായി സംഘടിച്ച് നിന്നിരുന്ന ആർഎസ്എസ് സംഘം അക്രമമഴിച്ചു വിടുകയായിരുന്നു.

അഞ്ച് എസ്ഡിപിഐ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മതിയായ ചികിൽസ നൽകാതെ പോലിസ് അവരെ ആശുപത്രിയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിക്കേറ്റ പ്രവർത്തകർക്ക് അടിയന്തര ചികിൽസ നൽകാൻ പോലിസ് തയ്യാറാകണം. പ്രകടനത്തിലേക്ക് കടന്നു കയറി എസ്ഡിപിഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകരെയും, അക്രമത്തിന് ഗൂഢാലോചന നടത്തിയവരെയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലിസ് അന്വേഷണം ഊർജിതമാക്കി കൊണ്ട് കൊലപാതകത്തിൻ്റെ മറവിൽ കലാപമഴിച്ചു വിടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടതുണ്ട്.

ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തിൽ കലാപമഴിച്ച് വിടാനും അത് വഴി രാഷ്ട്രീയ മേൽക്കോയ്മ നേടാനുമാണ് ആർഎസ്എസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത വിജയ് യാത്രയിലുടനീളം ബിജെപി സംസ്ഥാന പ്രസിഡൻ്റ് ഉൾപ്പടെയുള്ളവർ കടുത്ത വർഗീയ പ്രസംഗങ്ങളാണ് നടത്തുന്നത്.

അതിൻ്റെ ചുവട് പിടിച്ചാണ് എസ്ഡിപിഐ വാഹന ജാഥക്ക് നേരെ ആസൂത്രിത അക്രമം ഉണ്ടായത്. പ്രസ്തുത സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ മരണപ്പെട്ടത് ദുരൂഹമാണ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും അസഹിഷ്ണുതയോടെ നോക്കിക്കണ്ട് ജാഥക്ക് നേരെ ആക്രമണം നടത്തിയ ആർഎസ്എസ് നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നതെന്നു സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Next Story

RELATED STORIES

Share it