Sub Lead

നെടുമങ്ങാടും വിതുരയിലും വെള്ളനാടും യുഡിഎഫില്‍ കലാപം

നെടുമങ്ങാടും വിതുരയിലും വെള്ളനാടും യുഡിഎഫില്‍ കലാപം
X

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിലെ സീറ്റു വിഭജനത്തില്‍ യുഡിഎഫ് ഘടകകക്ഷികള്‍ക്ക് പ്രതിഷേധം. കഴിഞ്ഞ ദിവസം ഘടകക്ഷികള്‍ പരസ്യമായി യോഗം ചേരുകയും മുസ്‌ലിം ലീഗ് സമാന്തരമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. നഗരസഭയിലെ മാര്‍ക്കറ്റ് വാര്‍ഡില്‍ കോണ്‍ഗ്രസ് സിറ്റിങ് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. എന്‍.ഫാത്തിമയ്ക്കെതിരേ മുസ്ലിം ലീഗ് എസ് എസ് ഫാത്തിമയെ സ്ഥാനാര്‍ഥിയാക്കി.

അഡ്വ. എന്‍.ഫാത്തിമ കൈപ്പത്തി ചിഹ്നത്തിലും, എസ് എസ്ഫാത്തിമ ഏണി ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. പറമുട്ടം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ ലീഗ് പ്രാദേശിക നേതാവ് പുലിപ്പാറ യൂസഫും മത്സരരംഗത്തുണ്ട്. അരശുപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൗഷാദ് ഖാനെതിരേ ലീഗിന്റെ തറവാട്ടില്‍ സാബു പ്രചാരണത്തില്‍ സജീവമായി.

വെള്ളനാട് പഞ്ചായത്തില്‍ ആര്‍എസ്പിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആര്‍എസ്പി നേതാവ് യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. ആര്‍എസ്പി മുന്‍ ജില്ലാ കമ്മിറ്റി അംഗവും നിലവില്‍ അരുവിക്കര മണ്ഡലം കമ്മിറ്റി അംഗവുമായ കെ ജി രവീന്ദ്രന്‍നായരാണ് രാജിവെച്ചത്. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ ഘടകകക്ഷിയായ ആര്‍എസ്പിക്ക് ഒരു വാര്‍ഡ് നല്‍കാന്‍ തീരുമാനമുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്‍എസ്പിയിലെ കെ മണികണ്ഠന്‍ നായരെ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍, ധാരണയ്ക്കു വിപരീതമായി യുഡിഎഫ് സ്ഥാനാര്‍ഥിയായി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വെള്ളനാട് ശ്രീകണ്ഠനെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് കെ ജി രവീന്ദ്രന്‍നായര്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്. വെളിയന്നൂരില്‍ വെള്ളനാട് ശ്രീകണ്ഠനെതിരേ കെ മണികണ്ഠന്‍നായര്‍ മത്സരിക്കുമെന്ന് രവീന്ദ്രന്‍നായര്‍ അറിയിച്ചു. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് വിതുരയിലെ യുഡിഎഫ് ഘടകകക്ഷികള്‍ അറിയിച്ചു. ചില കോണ്‍ഗ്രസ് നേതാക്കളുടേത് ഏകപക്ഷീയ നടപടികളെന്ന് ആരോപിച്ചാണ് മുസ്ലിം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ പ്രചാരണത്തില്‍നിന്നുള്‍പ്പെടെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it