Sub Lead

ആവണക്ക് കുരു കേസ്: കുറ്റാരോപിതന് നേരെ ജയിലില്‍ ആക്രമണം

ആവണക്ക് കുരു കേസ്: കുറ്റാരോപിതന് നേരെ ജയിലില്‍ ആക്രമണം
X

അഹമ്മദാബാദ്: ആവണക്ക് കുരുവില്‍ നിന്ന് നിര്‍മിക്കുന്ന റൈസിന്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് ജയിലില്‍ അടച്ചയാള്‍ക്ക് നേരെ ആക്രമണം. ഹൈദരാബാദ് സ്വദേശിയും ഡോക്ടറുമായ സൈദ് അഹമദ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി(40)യാണ് സബര്‍മതി ജയിലില്‍ ആക്രമണത്തിന് ഇരയായത്. മോഷണക്കേസില്‍ പ്രതിയായ നിലേഷ് ശര്‍മ അടക്കം മൂന്നുപേരാണ് ജീലാനിയെ മര്‍ദ്ദിച്ചത്. മൂക്കിനും കണ്ണിനും പരിക്കേറ്റ ജീലാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'രാജ്യസ്‌നേഹം' പ്രകടിപ്പിക്കാനാണ് നിലേഷ് ശര്‍മ ജീലാനിയെ ആക്രമിച്ചതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റൈസിന്‍ കേസില്‍ ജീലാനി അടക്കം മൂന്നുപേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സേന നവംബര്‍ എട്ടിന് അറസ്റ്റ് ചെയ്തത്.

ജീലാനിയുടെ വീട്ടില്‍ നിന്നും ആവണക്ക് കുരുവില്‍ നിന്നും എണ്ണ എടുക്കാനുള്ള പ്രസും റൈസിന്‍ വേര്‍തിരിക്കാനുള്ള അസറ്റോണ്‍ എന്ന രാസവസ്തുവും പിടിച്ചെടുത്തെന്നും പോലിസ് അവകാശപ്പെടുന്നു. ഐഎസ് കേസായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.

ആവണക്ക് കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന റൈസിന്‍ മാരകമായ വിഷവസ്തുവാണ്. ശരീരത്തില്‍ പ്രവേശിക്കുന്ന റൈസിന്‍ കോശങ്ങളുടെ പ്രോട്ടീന്‍ നിര്‍മാണം തടസപ്പെടുത്തും. അതോടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കും. ശരീരത്തിന്റെ തൂക്കത്തില്‍ ഒരു കിലോഗ്രാമിന് 5-10 മൈക്രോഗ്രാം റൈസിന്‍ മാരകമാണ്. നിലവില്‍ ഈ വിഷബാധയ്ക്ക് പ്രതിവിധിയില്ലെന്ന് പറയപ്പെടുന്നു. രാസായുധ ഉടമ്പടിയില്‍ റൈസിനും ഉള്‍പ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it