Sub Lead

പട്ടയം റദ്ദാക്കല്‍ ഉത്തരവ് ആരെയും കുടിയിറക്കാനല്ലെന്ന് റവന്യു മന്ത്രി

രവീന്ദ്രന്‍ പട്ടയം തിരികെ വാങ്ങി അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടയം റദ്ദാക്കല്‍ ഉത്തരവ് ആരെയും കുടിയിറക്കാനല്ലെന്ന് റവന്യു മന്ത്രി
X

തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ആരെയും കുടിയിറക്കാനല്ലെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം ആരെയും കുടിയിറക്കില്ല. ഒരാളെയും കുടിയിറക്കാന്‍ ഉത്തരവ് ഇറക്കിയിട്ടില്ല. അനര്‍ഹമായ പട്ടയങ്ങള്‍ മാത്രം റദ്ദാക്കാന്‍ കഴിയില്ല, അതുകൊണ്ട് എല്ലാം റദ്ദാക്കും. രവീന്ദ്രന്‍ പട്ടയം തിരികെ വാങ്ങി അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടയങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സാധ്യത തള്ളാതെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പട്ടയം നല്‍കിയതില്‍ അധികാരികള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ പിഴവാണ്. ഇത് തിരുത്താനാണ് പുതിയ നീക്കം. 2019 ലാണ് അനര്‍ഹരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. 2019 ജൂണ്‍ 17ന് എല്‍ഡിഎഫ് യോഗം ചേര്‍ന്നു. അര്‍ഹരായവര്‍ക്ക് പട്ടയം ലഭിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. പതിച്ച് കൊടുക്കുന്ന സമയത്ത് അര്‍ഹതയുണ്ടായിരുന്നവര്‍ക്ക് പട്ടയം പുതുക്കി നല്‍കാന്‍ 2019 ഡിസംബറില്‍ തീരുമാനിച്ചു. 33 പട്ടയങ്ങള്‍ നേരത്തെ റദ്ദാക്കി 28 പട്ടയങ്ങള്‍ വീണ്ടും അനുവദിക്കാന്‍ ദേവികുളം താലൂക്കില്‍ നടപടി എടുത്തു. 532 രവീന്ദ്രന്‍ പട്ടയങ്ങള്‍ ആണുള്ളത്. രവീന്ദ്രന് പട്ടയം നല്‍കാന്‍ യാതൊരു അധികാരവുമില്ല എന്നും മന്ത്രി പറഞ്ഞു.

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയര്‍ന്ന പേരാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍. 1999ല്‍ അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍ ഇറക്കിയ പട്ടയങ്ങള്‍ വന്‍വിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് വാരിക്കോരി പട്ടയങ്ങള്‍ നല്‍കിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങള്‍ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ചട്ടവും ലംഘിച്ചാണ് നല്‍കിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ ഉത്തരവ്.


Next Story

RELATED STORIES

Share it