Big stories

യുഎസ് ജനപ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ ആധിപത്യം; സെനറ്റില്‍ ഡെമോക്രാറ്റുകള്‍

യുഎസ് ജനപ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ ആധിപത്യം; സെനറ്റില്‍ ഡെമോക്രാറ്റുകള്‍
X

വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റിലെ ജനപ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആധിപത്യം. കേവല ഭൂരിപക്ഷത്തിന് വേണ്ട 218 സീറ്റുകളാണ് റിപബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തത്. 435 അംഗ സഭയിലെ 210 സീറ്റുകളാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയത്. ഇനിയും ചില സീറ്റുകളിലെ ഫലം പുറത്തുവരാനുണ്ട്. സെനറ്റ് നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്കാണ്.

കാലഫോര്‍ണിയ സംസ്ഥാനത്തെ 27ാം കോണ്‍ഗ്രഷനല്‍ സീറ്റിലെ ഫലം വന്നതോടെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. ഇടക്കാല തിരഞ്ഞെടുപ്പില്‍ ആഞ്ഞടിക്കുമെന്ന് കരുതിയ ഭരണവിരുദ്ധ വികാരം നിയന്ത്രിക്കാനായെങ്കിലും ജനപ്രതിനിധി സഭയിലെ റിപബ്ലിക്കന്‍ ആധിപത്യം പ്രസിഡന്റ് ബൈഡന് തലവേദന സൃഷ്ടിക്കും. നവംബര്‍ എട്ടിനായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്നത്. ഒരാഴ്ച നീണ്ട വോട്ടെണ്ണലിനു ശേഷമാണ് ഫലം പുറത്തുവരുന്നത്. 218 സീറ്റുകളെങ്കിലും റിപ്പബ്ലിക്കന്‍സ് നേടുമെന്നാണ് എന്‍ബിസി, സിഎന്‍എന്‍ തുടങ്ങിയവര്‍ പ്രവചിച്ചത്.

ജോ ബൈഡന്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് തിരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയത്. ജനപ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം തേടുമ്പോള്‍ പല തീരുമാനങ്ങളും എളുപ്പത്തില്‍ പാസാക്കിയെടുക്കാനുള്ള അവസരം ബൈഡന്‍ സര്‍ക്കാരിന് നഷ്ടമാവും. 2024ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രതിനിധി സഭയില്‍ ബൈഡന്‍ സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ഉദ്ദേശിക്കുന്ന പല നിയമനിര്‍മാണങ്ങള്‍ക്കും ഇത് വെല്ലുവിളിയാണ്. ബൈഡന്റെയും മകന്‍ ഹണ്ടര്‍ ബൈഡന്റെയും സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കാനും നിയമനിര്‍മാണങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിലങ്ങിടാനും ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം റിപബ്ലിക്കന്‍ പാര്‍ട്ടിയെ സഹായിക്കും.

എന്നാല്‍, മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരേ റോണ്‍ ഡിസാന്റിസ് അനുകൂലികള്‍ നടത്തുന്ന 'കോക്കസ്' യുദ്ധം പാര്‍ട്ടിക്ക് ക്ഷീണമാവാന്‍ സാധ്യതയുണ്ട്. സെനറ്റിലും നേരിയ ഭൂരിപക്ഷം മാത്രമാണ് ഡെമോക്രാറ്റുകള്‍ക്കുള്ളത്. 100 അംഗ സെനറ്റില്‍ 50 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി, വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടിന്റെ ബലത്തിലാണ് ഉപരിസഭയുടെ നിയന്ത്രണം കൈയാളുന്നത്. 49 സീറ്റുകളാണ് റിപബ്ലിക്കന്‍ പാര്‍ട്ടി നേടിയത്. 2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍ഥിത്വം റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ജയമെന്നതും ശ്രദ്ധേയമാണ്. അമേരിക്ക നേരിടുന്ന രൂക്ഷമായ പണപ്പെരുപ്പവും തെറ്റായ ഭരണപരിഷ്‌കാരങ്ങളും ജോ ബൈഡന്റെ ജനപ്രീതിയെ ബാധിച്ചതായാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it