നീലേശ്വരം സ്‌കൂളില്‍ വ്യാപക ക്രമക്കേട്; കൂടുതല്‍ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്ന് റിപോര്‍ട്ട്

കൂടുതല്‍ ഉത്തരക്കടലാസുകള്‍ തിരുത്തിയതായി സംശയമുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അധ്യാപകരുടെ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നും അതില്‍ പറയുന്നു.

നീലേശ്വരം സ്‌കൂളില്‍ വ്യാപക ക്രമക്കേട്; കൂടുതല്‍ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്ന് റിപോര്‍ട്ട്

കോഴിക്കോട്: മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു പരീക്ഷയില്‍ വ്യാപക ക്രമക്കേടെന്ന് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ റിപോര്‍ട്ട്. കൂടുതല്‍ ഉത്തരക്കടലാസുകള്‍ തിരുത്തിയതായി സംശയമുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അധ്യാപകരുടെ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നും അതില്‍ പറയുന്നു. അതേസമയം, അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു. രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ അവശ്യപ്പെട്ടത്. തീരുമാനം കുട്ടികളുടെ രക്ഷിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു. വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാന്‍ കുട്ടികള്‍ അപേക്ഷ നല്‍കി.

ഇതിനിടെ, പരീക്ഷ ആള്‍മാറാട്ട കേസില്‍ പ്രതിയായ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് അഡ്വക്കറ്റ് എം അശോകന്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പകരം താന്‍ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഉത്തരക്കടലാസുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന് പരീക്ഷാ ചുമതലയുള്ള പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്ന് നിഷാദിന്റെ ജാമ്യാപേക്ഷയിലുണ്ട്. എന്നാല്‍, കുറ്റം പൂര്‍ണമായി അംഗീകരിക്കുന്ന മൊഴിയാണ് നേരത്തെ അധ്യാപകന്‍ വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം നല്‍കിയത്. മറ്റ് രണ്ട് പ്രതികളും ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും.

മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാര്‍ഥികള്‍ക്കായി പ്ലസ്ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത വെള്ളിയാഴ്ച രാവിലെയാണ് പുറത്തുവന്നത്. നിഷാദ് വി മുഹമ്മദ് 4 വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. ഉത്തരക്കടലാസുകളില്‍ സമാനമായ കയ്യക്ഷരം കണ്ടതോടെയാണ് മൂല്യ നിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് സംശയം തോന്നിയത്. സംഭവത്തില്‍ നിഷാദ് മുഹമ്മദിനൊപ്പം പരീക്ഷാ ചീഫ് സൂപ്രണ്ടും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ പി കെ ഫൈസല്‍ എന്നിവരെയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു. പ്ലസ്ടുവില്‍ മൂന്ന് കുട്ടികളുടെയും പ്ലസ്‌വണ്ണില്‍ 33 കുട്ടികളുടെയും പരീക്ഷാഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. ആകെ പരീക്ഷയെഴുതിയ 174 കുട്ടികളില്‍ 23 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടി. 2 കുട്ടികള്‍ മാത്രമാണ് തോറ്റത്.

RELATED STORIES

Share it
Top