Sub Lead

നീതി പുലരുമെന്ന സ്വപ്‌നം ബാക്കിയാക്കി, പോരാട്ടഭൂമിയില്‍ റസാക്ക് സാഹിബ് വിടവാങ്ങി

പി എം അഹമ്മദ്

നീതി പുലരുമെന്ന സ്വപ്‌നം ബാക്കിയാക്കി, പോരാട്ടഭൂമിയില്‍ റസാക്ക് സാഹിബ് വിടവാങ്ങി
X

കൊച്ചി: നീതി പുലരുമെന്ന സ്വപ്‌നം ബാക്കിയാക്കി റസാഖ് സാഹിബ് നീതിയുടെ ലോകത്തേക്ക് യാത്രയായി. കൊച്ചിയിലെയും ധാര്‍വാദയിലെയും അഹമ്മദാബാദിലെയും ഇന്‍ഡോറിലെയും കോടതികളുടെ ചുമരുകള്‍ക്ക് പരിചിതമാണ് നീളന്‍ താടിയും നെറ്റിയില്‍ നസ്‌കാര തഴമ്പുമുള്ള ആ മുഖം. വിയ്യൂരിലെയും ഹൂബ്ലിയിലെയും സബര്‍മതിയിലെയും ഭോപ്പാലിലെയും ജയിലറകളുടെ കൂറ്റന്‍ മതിലുകള്‍ക്ക് മറക്കാനാവില്ല നിശ്ചയ ദാര്‍ഢ്യത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെ ആ ഉടല്‍ രൂപത്തെ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ബധിര കര്‍ണങ്ങള്‍ക്കും മതാന്ധത ബാധിച്ച കരിങ്കല്‍ക്കോട്ടകള്‍ക്കു സമാനമായ ഭരണകൂട ഭീകരതയ്ക്കു മുമ്പിലും നീതിക്കു വേണ്ടി യാചിച്ച് അവസാനം ആ വഴിയില്‍ തന്നെ അവസാനശ്വാസം വലിച്ച നീതിയുടെ പോരാളിയായി ആ പിതാവിനെ എന്നും ചരിത്രം സ്മരിക്കുക തന്നെ ചെയ്യും. തങ്ങള്‍ ചെയ്ത തെറ്റെന്തെന്നു പോലുമറിയാതെ കഴിഞ്ഞ പതിമൂന്നര വര്‍ഷമായി ഇതരസംസ്ഥാന ജയിലില്‍ കഴിയുന്ന മകന്‍ അന്‍സാര്‍ നദ് വിയും മലയാളി യുവാക്കളായ ശിബിലി, ശാദുലി ഉള്‍പ്പെടെ അസംഖ്യം നിരപരാധികളായ യുവാക്കള്‍ക്ക് നീതി പുലരുന്ന ഒരു ദിനം സ്വപ്‌നം കണ്ടായിരുന്നു ആ വന്ദ്യപിതാവ് അനാരോഗ്യം പോലും വകവയ്ക്കാതെ ഓടിനടന്നത്. അദ്ദേഹത്തിന്റെ ഇളയ മകന്‍ അബ്ദുല്‍ സത്താര്‍ വിയ്യൂര്‍ ജയിലിലാണ്. രാജ്യത്തെ വംശീയവും വര്‍ഗീയവുമായ വിവേചനങ്ങള്‍ക്കും നീതി നിഷേധത്തിനുമെതിരേ ചിന്തിച്ചതിനാണ് ജനാധിപത്യത്തിനകത്തെ വിയോജിപ്പുകള്‍ സഹിക്കാനാവാത്ത മനുവാദികള്‍ ഈ യുവാക്കളെ കല്‍ത്തുറുങ്കിലടച്ചത്.

2006 മാര്‍ച്ച് 26ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചാണ് അന്‍സാര്‍ നദ് വി ഉള്‍പ്പെടെ 13 പേരെ പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ അവരെ പ്രതിചേര്‍ക്കുകയായിരുന്നു. കസ്റ്റഡിയിലായി മാസങ്ങള്‍ക്കു ശേഷം അഹമ്മദാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ പോലും ഇവര്‍ പ്രതിയാക്കപ്പെട്ടു. അന്നുമുതല്‍ അന്ത്യശ്വാസം വരെ ഈ പിതാവിന് വിശ്രമമില്ലാത്ത പോരാട്ടമായിരുന്നു ജീവിതം. ഇതിനിടെ പല തവണ അനാരോഗ്യം വില്ലനായെത്തി. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പല തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നു. ശരീരം രോഗാതുരമായിട്ടും ആ മനസിന്റെ നിശ്ചയദാര്‍ഢ്യത്തെ കീഴടക്കാന്‍ അവയ്ക്കു കഴിഞ്ഞില്ല. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ സിമി ബന്ധമാരോപിച്ച് ഭരണകൂടം ദുഷ്ടലാക്കോടെ ചുമത്തപ്പെട്ട കേസുകളില്‍ നിയമപോരാട്ടം ഏകോപിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു. കര്‍ണാടകയിലെ ഹൂബ്ലിയില്‍ ദര്‍ഗയിലേക്ക് അടയാളപ്പെടുത്തിയ പച്ചക്കൊടി പാക് പതാകയാക്കി ചിത്രീകരിച്ച് ഭീകരപരിശീലന കേന്ദ്രത്തിലേക്കുള്ള വഴിയടയാളമെന്നു നുണക്കഥ മെനഞ്ഞുണ്ടാക്കി ഈ യുവാക്കള്‍ക്കെതിരേ കേസ് ചമച്ചെങ്കിലും വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അവരെ നീതിപീഠം വെറുതെ വിടുകയായിരുന്നു. പാനായിക്കുളം സ്വാതന്ത്ര്യദിന സെമിനാര്‍ രഹസ്യയോഗമാക്കി വച്ചുകെട്ടിയ കേസിലും വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും തടവ് ജീവിതത്തിനും വേട്ടയാടലുകള്‍ക്കും ശേഷം പ്രതിചേര്‍ക്കപ്പെട്ട എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. വാഗമണ്‍ കേസില്‍ അന്‍സാര്‍ നദ്‌വി ശിക്ഷ വിധിക്കപ്പെട്ടതിലും അധികം തടവ് അനുഭവിച്ചു കഴിഞ്ഞു. ഇന്‍ഡോറില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ രണ്ടു കേസിലും അവരെ വെറുതെവിട്ടു. ഒരു കേസില്‍ ജീവപര്യന്തം തടവ് വിധിച്ചതിനെ തുടര്‍ന്നാണ് അന്‍സാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭോപാല്‍ ജയിലില്‍ കഴിയുന്നത്.

ക്രൂരവും മൃഗീയവുമായ പീഢനങ്ങള്‍ അരങ്ങേറുന്ന ഭോപാല്‍ ജയിലനുഭവങ്ങള്‍ മനസ്സിലാക്കിയ റസാഖ് സാഹിബ് എന്നും ഉള്‍ക്കിടിലത്തോടെയായിരുന്നു ആ രംഗങ്ങള്‍ വിശദീകരിച്ചിരുന്നത്. അടുത്ത ബന്ധുക്കള്‍ക്കു പോലും നേരിട്ട് തടവുകാരെ കാണാന്‍ കഴിയില്ല. സംസാരിക്കുന്നതു പോലും ചില്ലിന്റെ ഇരുവശത്തു നിന്ന് ആംഗ്യരൂപത്തില്‍. ഭക്ഷണം പോലും കൃത്യമായി ലഭിക്കാറില്ല. കുളിക്കാനും വ്‌സത്രം മാറാനും ചിലപ്പോള്‍ ദിവസങ്ങളും ആഴ്ചകളും കാത്തിരിക്കേണ്ടി വരും. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ തടവറയില്‍ മാനുഷിക പരിഗണനയ്ക്കുവേണ്ടി പരമോന്നത നീതിപീഠം, രാഷ്ട്രപതി, ഗവര്‍ണര്‍, മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ മുട്ടാത്ത വാതിലുകളില്ല. അവസാനം കഴിഞ്ഞ രണ്ടു ദിവസമായി മധ്യപ്രദേശ് ഹൈക്കോടതിയില്‍ നടക്കുന്ന നിയമപോരാട്ടവുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി ആശയവിനിമയം നടത്തി വരുന്നതിനിടെയാണ് റസാഖ് സാഹിബ് ഈ ലോകത്തോട് വിടപറഞ്ഞത്.

ഭരണകൂട ഭീകരതയും വംശീയതയും കൈകോര്‍ത്തപ്പോള്‍ തടവറയില്‍ നരകയാതന അനുഭവിക്കേണ്ടിവരുന്ന നിരപരാധികള്‍... അവരെയോര്‍ത്ത് വിലപിക്കുന്ന ഉറ്റവര്‍... പ്രിയപ്പെട്ടവരുടെ നീതിക്കായി വാര്‍ധക്യവും രോഗവും വകവയ്ക്കാതെ അലയുന്ന പിതാക്കള്‍... നീതിദേവത കണ്ണൂപൊത്തി കളിക്കുമ്പോഴും തന്റെ മക്കളുള്‍പ്പെടെയുള്ള തടവുകാരുടെ നിരപരാധിത്വം തെളിയിക്കാനായി രാപ്പകല്‍ ഓടിയലഞ്ഞ റസാഖ് സാഹിബ് ഇനി വിശ്രമിക്കട്ടെ. നീതിക്കുവേണ്ടിയുള്ള പോരാട്ടവഴിയിലെ രക്തസാക്ഷിയായി അങ്ങയെ ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യും, തീര്‍ച്ച.




Next Story

RELATED STORIES

Share it