Sub Lead

ആഞ്ഞടിച്ച് 'നന്‍മഡോള്‍' ചുഴലിക്കാറ്റ്; ജപ്പാന്‍ ഭീതിയില്‍, പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ആഞ്ഞടിച്ച് നന്‍മഡോള്‍ ചുഴലിക്കാറ്റ്; ജപ്പാന്‍ ഭീതിയില്‍, പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
X

ടോക്കിയോ: ഭീതിവിതച്ച് തെക്കുകിഴക്കന്‍ ജപ്പാനിലെ ക്യുഷു ദ്വീപിലേക്ക് 'നന്‍മഡോള്‍' ചുഴലിക്കാറ്റെത്തി. മണിക്കൂറില്‍ 150 കിലോ മീറ്റര്‍ (112 മൈല്‍) വേഗതയിലാണ് കാറ്റ് വീശുന്നത്. കുറഞ്ഞത് ഏഴ് ദശലക്ഷം ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിനൊപ്പം 500 മില്ലിമീറ്റര്‍ (20 ഇഞ്ച്) തോതില്‍ കനത്ത മഴയും തുടങ്ങിയിട്ടുണ്ട്. ചെറുദ്വീപുകള്‍ കൂടുതല്‍ ഭീഷണിയാണു നേരിടുന്നത്. തീരമേഖലയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു.

വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതീക്ഷിക്കുന്നുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് ക്യൂഷുവിന്റെ തെക്കേ അറ്റത്തുള്ള കഗോഷിമ നഗരത്തിന് സമീപം ചുഴലിക്കാറ്റെത്തിയത്. ഇതെത്തുടര്‍ന്നു ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും ഫെറികളും നൂറുകണക്കിന് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറഞ്ഞത് 20,000 ആളുകളെങ്കിലും ക്യൂഷുവിന്റെ കഗോഷിമ, മിയാസാക്കി പ്രിഫെക്ചറുകളിലെ ഷെല്‍ട്ടറുകളില്‍ രാത്രി ചെലവഴിച്ചു. അവിടെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അപൂര്‍വ 'പ്രത്യേക മുന്നറിയിപ്പ്' നല്‍കിയിട്ടുണ്ട്.

രാത്രിയില്‍ ആളുകള്‍ ഒഴിഞ്ഞുപോവുന്നത് അപകടകരമാണെന്നും പുറത്ത് വെളിച്ചമുള്ളപ്പോള്‍ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഉരുള്‍പൊട്ടലുകള്‍ ഇതിനകം തന്നെ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണയായി ദുരന്തങ്ങള്‍ സംഭവിക്കാത്ത പ്രദേശങ്ങളില്‍ പോലും ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ മേഖലയിലുടനീളമുള്ള 20 ലക്ഷം വീടുകളിലെ വൈദ്യുതി നിലച്ചതായി കമ്പനികള്‍ പറഞ്ഞു. കൊടുങ്കാറ്റ് കടന്നുപോവുന്നതുവരെ ട്രെയിനുകളും ഫ്‌ലൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it