Sub Lead

രാമക്ഷേത്ര ഉദ്ഘാടനം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി 22ന് അര്‍ധ അവധി

രാമക്ഷേത്ര ഉദ്ഘാടനം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി 22ന് അര്‍ധ അവധി
X

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കാണുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി 22ന് അര്‍ധ അവധി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനവും പുറപ്പെടുവിച്ചു. അന്നേദിവസം ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എല്ലാ ജീവനക്കാരും രാമക്ഷേത്രം ഉദ്ഘാനത്തിന്റെ ആഘോഷത്തില്‍ പങ്കാളികളാകാന്‍ വേണ്ടിയാണ് അവധിയെന്നാണ് ഗവണ്‍മെന്റ് ഡെപ്യൂട്ടി സെക്രട്ടറി പര്‍വീന്‍ ജര്‍ഗാര്‍ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് കൈമാറിയിട്ടുണ്ട്.



അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ അവധി പ്രഖ്യാപനത്തോടെ ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളും അന്നേദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്നേ ദിവസം സംസ്ഥാനത്തുടനീളം മദ്യശാലകള്‍ അടച്ചിടും. രാമക്ഷേത്രം ഉദ്ഘാടനച്ചടങ്ങ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പദ്ധതിയാണെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. അന്നേദിവസം പശ്ചിമബംഗാളില്‍ ഹാര്‍മണി റാലി നടത്തുമെന്നും സര്‍വ മതസ്ഥരെയും പങ്കെടുപ്പിക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it