Sub Lead

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് കോടതിയില്‍; പരാതിക്കാരിയുടെ ഭര്‍ത്താവ് ബിജെപി നേതാവെന്ന്

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് കോടതിയില്‍; പരാതിക്കാരിയുടെ ഭര്‍ത്താവ് ബിജെപി നേതാവെന്ന്
X

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് സെഷന്‍സ് കോടതി പരിഗണിക്കും. യുവതിയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം രാഹുല്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നു.

പരാതിക്കുപിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണെന്നും രാഹുല്‍ ഹരജിയില്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ബിജെപിയുടെ പ്രാദേശിക നേതാവാണ്. പോലിസ് സ്റ്റേഷനില്‍ പരാതിനല്‍കാതെ തിരഞ്ഞെടുപ്പുവേളയില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിലും ദുരൂഹതയുണ്ട്. എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പരാതി നല്‍കിയില്ലെങ്കില്‍ സ്ഥാപനത്തില്‍ തുടരാനാകില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചതായുള്ള യുവതിയുടെ ശബ്ദസന്ദേശം അടക്കം ഹാജരാക്കാന്‍ തയ്യാറാണ്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് കേസെടുത്തതെന്നും രാഹുല്‍ വാദിക്കുന്നു.

ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമാണ് താന്‍ രാഹുലിനെ പരിചയപ്പെട്ടതെന്ന് പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. 2024 ആഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള വാദങ്ങള്‍ കളവാണെന്നും യുവതി ആരോപിക്കുന്നു.

അതിനിടെ രാഹുല്‍ പാലക്കാട് ജില്ലയില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പാലക്കാടെത്തിയതെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നതിന്റെ പേരില്‍ അറസ്റ്റ് ഒഴിവാക്കേണ്ടെന്നാണ് പോലിസ് തീരുമാനം. തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലെ പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും.

Next Story

RELATED STORIES

Share it