Sub Lead

റാഫേല്‍ അഴിമതി:പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി

റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കൈക്കൂലി നല്‍കിയെന്ന മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യമാണ് സുപ്രിംകോടതി തള്ളിയത്

റാഫേല്‍ അഴിമതി:പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി:റാഫേല്‍ കേസില്‍ പുതിയ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കൈക്കൂലി നല്‍കിയെന്ന മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യമാണ് സുപ്രിംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഫ്രഞ്ച് ഓണ്‍ലൈന്‍ ജേണലായ മീഡിയപാര്‍ട്ടിന്റേതാണ് വെളിപ്പെടുത്തല്‍. 7.5 മില്യണ്‍ യൂറോ ഇടനിലക്കാരന് കൈക്കൂലി നല്‍കിയെന്ന് റിപോര്‍ട്ടില്‍ ആരോപിക്കുന്നു.റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി അഭിഭാഷകനായ എം എല്‍ ശര്‍മയാണ് സുപ്രിംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍, ഇത് കോടതി തള്ളി. നേരത്തെ തന്നെ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയതാണെന്നും പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുതിയ തെളിവുകള്‍ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് രംഗത്തെത്തിയത്. കരാറിനായി ദസോള്‍ട്ട് എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപോര്‍ട്ട് ചെയ്തത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റാഫേല്‍ യുദ്ധ വിമാന കരാറില്‍ സുഷേന്‍ ഗുപ്തയെന്നയാള്‍ ഇടനിലക്കാരനായിരുന്നുവെന്നും മീഡിയപാര്‍ട്ട് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് 7.5 മില്ല്യണ്‍ യൂറോ ദസോള്‍ട്ട് ഏവിയേഷന്‍ നല്‍കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇന്റര്‍സ്‌റ്റെല്ലാര്‍ എന്ന കമ്പനി വഴിയാണ് സുഷേന്‍ ഗുപ്തക്ക് ദസോള്‍ട്ട് പണം നല്‍കിയത്.

2018 ഒക്ടോബര്‍ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പണം കൈമാറിയെന്ന വിവരം നല്‍കിയിരുന്നു.എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു.


Next Story

RELATED STORIES

Share it