Sub Lead

പുത്തുമലയില്‍ നിന്നു കണ്ടെടുത്ത മൃതദേഹം ഡിഎന്‍എ പരിശോധന നടത്തും

മൃതദേഹത്തിന്‍മേല്‍ രണ്ട് കുടുംബങ്ങള്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്

പുത്തുമലയില്‍ നിന്നു കണ്ടെടുത്ത മൃതദേഹം ഡിഎന്‍എ പരിശോധന നടത്തും
X

കല്‍പറ്റ: ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ നിന്നു ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനം. മൃതദേഹത്തിന്‍മേല്‍ രണ്ട് കുടുംബങ്ങള്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ദുരന്തം നടന്ന് 11ാം ദിവസത്തിലാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ പാറക്കെട്ടിനടുത്തു നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെടുത്തത്. തിരിച്ചറിയാനാവാത്ത വിധം അഴുകിയ മൃതദേഹം കാണാതായവരുടെ ലിസ്റ്റിലുള്ള അണ്ണയ്യയുടേതെന്ന് അവകാശപ്പെട്ട് ഒരു കുടുംബം അധികൃതരെ സമീപിച്ചു. ഇതുപ്രകാരം അധികൃതര്‍ മൃതദേഹം വിട്ടുകൊടുത്തെങ്കിലും അല്‍പസമയത്തിനു ശേഷം പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റേതാണ് മൃതദേഹം എന്ന സംശയവുമായി അദ്ദേഹത്തിന്റെ കുടുംബമെത്തി. ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെ മൃതദേഹം അണ്ണയ്യയുടെ ബന്ധുക്കളില്‍ നിന്നു തിരിച്ചുവാങ്ങി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന് അണ്ണയ്യയുടെയും ഗൗരീശങ്കറിന്റെയും ബന്ധുക്കളില്‍ നിന്നും മൃതദേഹത്തില്‍ നിന്നും ഡിഎന്‍എ സംപിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കയക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിഎന്‍എ സാംപിള്‍ തിങ്കളാഴ്ച അയച്ചുകൊടുത്ത് രണ്ട് ദിവസത്തിനകം ഫലം വന്നാല്‍ മൃതദേഹം യഥാര്‍ത്ഥ അവകാശികള്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം. പുത്തുമല ദുരന്തത്തില്‍ ഇതുവരെ മരണപ്പെട്ടവരുടെ സംഖ്യ 11 ആയി. ഇനിയും ആറുപേരെ കൂടി കണ്ടെത്താനുണ്ട്.



Next Story

RELATED STORIES

Share it