Sub Lead

പഞ്ചാബി ഗായകന്റെ കൊലപാതകം;ആംആദ്മി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് കോടതിയിലേക്ക്

പഞ്ചാബില്‍ സിദ്ദു ഉള്‍പ്പടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്,ഇതിനു പിന്നാലെയാണ് സിദ്ദു കൊല്ലപ്പെട്ടത്

പഞ്ചാബി ഗായകന്റെ കൊലപാതകം;ആംആദ്മി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് കോടതിയിലേക്ക്
X

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ സുരക്ഷ ആംആദ്മി സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്.സുരക്ഷ പിന്‍വലിച്ചതിനാലാണ് കൊല്ലപ്പെട്ടതെന്നും,മരണത്തിന് ഉത്തരവാദി ആംആദ്മി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

പഞ്ചാബില്‍ സിദ്ദു ഉള്‍പ്പടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനു പിന്നാലെയാണ് സിദ്ദു കൊല്ലപ്പെട്ടത്.ഇതിനെതിരേ പ്രതിഷേധമറിയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

എഎപി പഞ്ചാബിനെ നശിപ്പിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. പഞ്ചാബില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകമെന്ന് അകാലിദള്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മാനാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് പിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.

പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ച് ഇന്നലെയായിരുന്നു കൊലപാതകം. എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് സിദ്ദു വെടിയേറ്റ് മരിക്കുന്നത്.മാന്‍സയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികള്‍ വെടിവെച്ചത്.ആക്രമത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ സിദ്ദു മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.അധിക സുരക്ഷ പിന്‍വലിച്ചിരുന്നെങ്കിലും, നല്‍കിയിരുന്ന രണ്ട് ഗണ്‍മാന്‍മാരെ കൂട്ടാതെയാണ് സിദ്ദു സഞ്ചരിച്ചതെന്ന വിശദീകരണമാണ് പോലിസ് നല്‍കുന്നത്.കൊലപാതകത്തിനു പിന്നില്‍ കാനഡയിലെ ഗുണ്ടാസംഘമാണെന്ന് പോലിസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

28 കാരനായ സിദ്ദു പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു.തന്റെ പാട്ടുകളില്‍ തോക്ക് സംസ്‌കാരം കുത്തിനിറക്കുന്നതിന്റെ പേരില്‍ മൂസ് വാല വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സന്‍ജു എന്ന ഗാനത്തിന്റെ പേരില്‍ നിയമനടപടിയും നേരിട്ടു.കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് എകെ 47 ഉപയോഗിച്ച് വെടിയുതിര്‍ത്തതിന്റെ ഫോട്ടോഗ്രാഫുകള്‍ പുറത്തുവന്നശേഷം മൂസ് വാലക്കെതിരേ ആയുധനിയമം, ദുരന്തനിവാരണ നിയമം എന്നിവ അനുസരിച്ച് കേസെടുത്തിരുന്നു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മാന്‍സയില്‍ നിന്ന് മല്‍സരിച്ചിരുന്നെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു.

അതേസമയം, കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it