Sub Lead

പഞ്ചാബില്‍ പുതുചരിത്രമെഴുതി ആപ്പിന്റെ ഭഗവന്ത് മന്‍ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചാബില്‍ പുതുചരിത്രമെഴുതി ആപ്പിന്റെ ഭഗവന്ത് മന്‍ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
X

അമൃത്സര്‍: ഡല്‍ഹിക്ക് പുറത്തെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി പഞ്ചാബില്‍ ഭഗവന്ത് മന്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരെയും സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെയും ചടങ്ങില്‍നിന്ന് ആപ്പ് ഒഴിവാക്കിയിട്ടുണ്ട്. വന്‍ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരമേല്‍ക്കുന്നത്.

ചടങ്ങില്‍ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാന്‍ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഡല്‍ഹിക്ക് പുറത്ത് ആംആദ്മി അധികാരത്തില്‍ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്.

ധീരരക്തസാക്ഷി ഭഗത് സിംഗിന്റെ ജന്മഗ്രാമത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവന്‍ ജനങ്ങളേയും ക്ഷണിക്കുന്നതായി നേരത്തെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാകും. കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞസാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. പൊതുപരിപാടികള്‍ക്കുള്ള വിലക്ക് അടക്കമുള്ളവയും നീക്കി. അതേസമയം കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ തുടരുണമെന്നും ഉത്തരവില്‍ പറയുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് പഞ്ചാബിലെ ഖത്കര്‍ കലാന്‍ ഗ്രാമത്തില്‍ നടക്കുന്നത്. പരിപാടിക്ക് വന്‍ ജനാവലിയെത്തുമെന്ന കണക്കുകൂട്ടലില്‍ വേദിയും സദസും പാര്‍ക്കിംഗ് സൗകര്യങ്ങളുമെല്ലാം അതിവേഗം ഒരുക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിനായി 150 ഏക്കര്‍ ഗോതമ്പ് പാടം താത്കാലികമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഏക്കര്‍ ഒന്നിന് 45000 രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ഇത്രയും ഭൂമി താത്കാലികമായി ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും ഏക്കറിലെ ഗോതമ്പ് കൃഷി ഇതിനോടകം നശിപ്പിച്ചെന്നും ഷഹീദ് ഇ അസം ഭഗത് സിംഗ് രക്തസാക്ഷി സ്മാരകത്തിന്റേയും മ്യൂസിയത്തിന്റേയും അതിര്‍ത്തി ഭിത്തിയുടെ ഭാഗങ്ങള്‍ പൊളിച്ച് നീക്കിയെന്നുമാണ് വിവരം.

രണ്ട് ലക്ഷം പേരെ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ഖത്കര്‍ കാല്‍ ഗ്രാമത്തില്‍ ഇപ്പോള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയടക്കം ഉന്നതഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിജയമാക്കാന്‍ ഗ്രാമത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

ആയിരങ്ങളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ കൂറ്റന്‍ പന്തലും പാര്‍ക്കിംഗ് സ്ഥലവും നിര്‍മ്മിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വികെ ഭാവ്‌ര, മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതനായ എ വേണു പ്രസാദ് എന്നിവരാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ക്കിംഗ്, പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണം, വെള്ളം, സ്‌റ്റേജ്, വൈദ്യുതി വിതരണം, ശുചീകരണം, ആരോഗ്യം, ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ എല്ലാ സജ്ജമാക്കി സത്യപ്രതിജ്ഞ വിജയിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഉദ്യോഗസ്ഥര്‍.

10 മന്ത്രിമാരെ തീരുമാനിച്ച് ആപ്പ്

മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്ന് നേരത്തെ എഎപി അറിയിച്ചിരുന്നത്. പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായിട്ടുണ്ട്. ഹര്‍പാല്‍ സിങ് ചീമ, അമന്‍ അറോറ, മേത്ത് ഹയര്‍, ജീവന്‍ ജ്യോത് കൗര്‍, കുല്‍താര്‍ സന്ദ്വാന്‍, ഛരണ്‍ജിത്ത്, കുല്‍വന്ദ് സിങ്ങ്, അന്‍മോള്‍ ഗഗന്‍ മാന്‍, സര്‍വ്ജിത്ത് കൗര്‍, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ഹാസ്യ താരത്തില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്

ഒരു ഹാസ്യതാരത്തില്‍ നിന്ന് പഞ്ചാബിന്റെ രാഷ്ട്രീയ കടിഞ്ഞാണ്‍ ഏന്താനുള്ള നിയോഗമാണ് ഭഗവന്ത് മാന്‍ അഥവാ പഞ്ചാബികളുടെ സ്വന്തം ജുഗ്‌നുവിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ആം ആദ്മി പാര്‍ട്ടി ഡല്‍ഹിക്ക് പുറത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം കൈയ്യാളുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്നത് ഈ പഞ്ചാബി താരമാണ്. പഞ്ചാബിലെ പ്രശസ്ത ഹാസ്യതാരമായ ഭഗവന്ത് മന്‍ കപില്‍ ശര്‍മയുമായി ചേര്‍ന്ന് അവതരിപ്പിച്ച 'ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്' എന്ന ടെലിവിഷന്‍ കോമഡി ഷോയിലൂടെയാണ് ജനപ്രിയ താരമാകുന്നത്. ജുഗ്‌നു എന്ന പേര് കൂടാതെ 'കോമഡി കിങ്' എന്നൊരു വിളിപ്പേരുകൂടിയുണ്ട് ഭഗ്‌വന്തിന്. അഭിനേതാവ്, ഗായകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ മേഖലകളിലും ഭഗവന്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

2011ലാണ് അദ്ദേഹം ഹാസ്യ താരത്തിന്റെ പരിവേഷം ഉപേക്ഷിച്ച് പൂര്‍ണ സമയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. പീപ്പിള്‍സ് ഓഫ് പഞ്ചാബിലെ അംഗമായാണ് രാഷ്ട്രീയ അരങ്ങേറ്റം. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലെഹ്‌റഗാഗ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും കന്നിയങ്കത്തില്‍ പരാജയപ്പെട്ടു. 2014ല്‍ പീപ്പിള്‍സ് ഓഫ് പഞ്ചാബില്‍ നിന്ന് രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയിലേക്ക്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംഗ്രൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ആപ്പിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. അങ്ങനെ 2014ല്‍ എംപിയായി. അതിനിടെയാണ് പിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ ഭഗവന്ത് മാന്‍ മാറ്റുരയ്ക്കുന്നത്.

പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ സതോജ് ഗ്രാമത്തില്‍ മൊഹിന്ദര്‍ സിങിന്റെയും ഹര്‍പല്‍ കൗറിന്റെയും മകനായി 1973 ഒക്ടോബര്‍ 17ന് ജനനം. സിഖ്ജാട്ട് കുടുംബാംഗമാണ്. പ്രാംരംഭ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ കോമഡി പരിപാടികളിലും മറ്റുമായി ഭഗവന്ത് സജീവമായിരുന്നു. പട്യാല ശഹീദ് ഉദ്ദംസിങ് ഗവണ്‍മെന്റ് കോളജില്‍ നിന്ന് വിവിധ പരിപാടികളില്‍ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ട് 'ലോക് ലെഹര്‍ ഫൗണ്ടേഷന്‍' എന്ന എന്‍ജിഒയും അദ്ദേഹം നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് തന്നെ 12 സിനിമകളില്‍ താരം വേഷമിട്ടു. നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it