Sub Lead

പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കര്‍ഷകര്‍ മര്‍ദ്ദിച്ചു; വസ്ത്രങ്ങള്‍ കീറി(വീഡിയോ)

പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കര്‍ഷകര്‍ മര്‍ദ്ദിച്ചു; വസ്ത്രങ്ങള്‍ കീറി(വീഡിയോ)
X

ചണ്ഡീഗഢ്: പഞ്ചാബിലെ മുക്തര്‍ ജില്ലയിലെ മാലൗട്ടില്‍ ശനിയാഴ്ച ഒരു സംഘം കര്‍ഷകര്‍ ബിജെപി എംഎല്‍എയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കറുത്ത മഷി എറിയുകയും ചെയ്തു. ബിജെപിയുടെ അബോഹര്‍ എംഎല്‍എ അരുണ്‍ നാരംഗിനെയും പ്രാദേശിക നേതാക്കളെയുമാണ് മാലൗട്ടില്‍ പ്രതിഷേധക്കാരായ ഒരു സംഘം കര്‍ഷകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കാനെത്തിയ അരുണ്‍ നാരംഗിനെ പ്രദേശത്തെ ബിജെപി ഓഫിസിന് സമീപം കാത്തിരുന്ന പ്രതിഷേധക്കാര്‍ കറുത്ത മഷിയെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞ പ്രതിഷേധക്കാരില്‍ നിന്നു രക്ഷപ്പെടാനായി എംഎല്‍എയെ ഏതാനും പോലിസ് ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും സമീപത്തെ ഒരു കടയ്ക്കുള്ളിലാക്കി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഇതിനുശേഷവും പ്രതിഷേധക്കാരെത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നീട് നാരംഗിനെ സുരക്ഷിതമായ സ്ഥലത്തേക്ക് പോലിസ് കൊണ്ടുപോയി. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് എംഎല്‍എയെ സുരക്ഷിത സ്ഥലത്തേക്ക് പോലിസ് മാറ്റുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.


ബിജെപി എംഎല്‍എമാരെ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് പ്രതിഷേധക്കാരെത്തിയതെന്ന് മാലൗട്ട് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട്(ഡിഎസ്പി) ജസ്പാല്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സംഭവത്തില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു. ചിലര്‍ തന്നെ കുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി നാരംഗ് പിടിഐയോട് പറഞ്ഞു. 'എന്നെ ഏറെ കുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. വസ്ത്രങ്ങളും വലിച്ചുകീറിയെന്ന് അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 250-300 പ്രതിഷേധക്കാര്‍ക്കെതിരേ സെക്ഷന്‍ 307 (കൊലപാതകശ്രമം), ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നു പോലിസ് പറഞ്ഞു. സംഭവത്തില്‍ ശിരോമണി അകാലിദള്‍(എസ്എഡി), ബിജെപി, ഭരണകക്ഷിയായ കോണ്‍ഗ്രസ് തുടങ്ങിയവര്‍ അപലപിച്ചു. ആക്രമണം നിന്ദ്യമാണെന്നും ജനപ്രതിനിധിയുടെ അന്തസ്സ് സംരക്ഷിക്കുന്നതില്‍ പോലിസിന്റെ വീഴ്ചയില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും എസ്എഡി മേധാവി സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പഞ്ചാബ് സര്‍ക്കാരിനുനേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയ അദ്ദേഹം ബിജെപിയുടെ ശബ്ദം തടയുന്നതിനായി അമരീന്ദര്‍ സിംഗ് ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം നിയമവിരുദ്ധമായ പെരുമാറ്റത്തിന് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ഇതോടെ കര്‍ഷകരുടെ പ്രതിഷേധം ദുര്‍ബലമാവുമെന്നും സംസ്ഥാന കോണ്‍ഗ്രസ് മേധാവി സണ്‍ ജഖാര്‍ പറഞ്ഞു. ആക്രമണത്തെ അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്നും അവരവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ എല്ലാവരെയും അനുവദിക്കണമെന്നും ഓരോ പൗരന്റെയും സംസാരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും ക്രമസമാധാനം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം വേദനാജനകമാണെന്ന് എസ്എഡി നേതാവ് ദല്‍ജിത് സിങ് ചീമ വിശേഷിപ്പിച്ചു. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും തന്റെ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കാന്‍ അവകാശമുണ്ടെന്നും സമൂഹത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പെരുമാറ്റം പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അച്ചടക്കത്തോടെയും സമാധാനപരമായും സമരം തുടരാന്‍ എല്ലാ പ്രതിഷേധക്കാരോടും അഭ്യര്‍ത്ഥിക്കുന്നതായും സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു.

Protesting farmers thrash BJP MLA, tear his clothes in Punjab

Next Story

RELATED STORIES

Share it