Sub Lead

മതപരിവർത്തന നിരോധന നിയമം; കർണാടകയിൽ ആദ്യ കേസ്

തന്നെ നിർബന്ധിച്ച് മതം മാറ്റിയതല്ലെന്ന് പെൺകുട്ടിയും പോലിസിന് മൊഴി നൽകിയിട്ടുണ്ട്.

മതപരിവർത്തന നിരോധന നിയമം; കർണാടകയിൽ ആദ്യ കേസ്
X

ബംഗളൂരു: സെപ്തംബർ 30ന് പ്രാബല്യത്തിൽവന്ന കർണാടക മത പരിവർത്തന നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ബംഗളൂരു ബി കെ നഗർ സ്വദേശിയായ മുഈനെതിരേ പ്രസ്തുത നിയമത്തിലെ അഞ്ചാം വകുപ്പുപ്രകാരം യശ്വന്ത്പുര പോലിസാണ് കേസെടുത്തത്. മുഈൻ ഉത്തർപ്രദേശ് സ്വദേശിനിയായ ഖുഷ്ബു എന്ന 18 കാരിയെ വിവാഹ വാഗ്ദാനം നൽകി മതംമാറ്റിയെന്നാണ് കേസ്.

ഖുഷ്ബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ഒക്ടോബർ അഞ്ചിന് പോലിസിൽ പരാതി നൽകിയിരുന്നു. ആറു മാസമായി ഖുഷ്ബുവുമായി ബന്ധമുണ്ടായിരുന്ന മുഈനൊപ്പം ഒളിച്ചോടിയതാകാമെന്നും പരാതിയിൽ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഈ പരാതിയിൽ മതപരിവർത്തനം സംബന്ധിച്ച ആരോപണമൊന്നും ഉന്നയിച്ചിരുന്നില്ല. മിസിങ് കേസായി രജിസ്റ്റർ ചെയ്ത് പോലിസ് ഖുഷ്ബുവിനായി അന്വേഷണവും ആരംഭിച്ചു.

ഒക്ടോബർ എട്ടിന് വീട്ടിൽ തിരിച്ചെത്തിയ യുവതി താൻ ഇസ്‍ലാംമതം സ്വീകരിച്ചതായി വെളിപ്പെടുത്തി. പിന്തിരിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും യുവതി തയാറായില്ല. ഇതോടെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മുഈനെതിരേ യുവതിയുടെ മാതാവ് ഒക്ടോബർ 13ന് മറ്റൊരു പരാതി നൽകി. കർണാടക മതപരിവർത്തന നിരോധന നിയമത്തിലെ അഞ്ചാം വകുപ്പുപ്രകാരം പുതിയ കേസെടുത്തതായി ബംഗളൂരു നോർത്ത് ഡെപ്യൂട്ടി കമീഷണർ വിനായക് പാട്ടീൽ പറഞ്ഞു.

പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെങ്കിലും മതപരിവർത്തന നിരോധന നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ കേസ് നിലനിൽക്കുമെന്നാണ് പോലിസ് വാദം. ആരെങ്കിലും മതം മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 30 ദിവസം മുമ്പെങ്കിലും ജില്ല മജിസ്ട്രേറ്റിനോ അഡീഷനൽ ജില്ല മജിസ്ട്രേറ്റിനോ ഫോം-ഒന്ന് പ്രകാരം അപേക്ഷ സമർപ്പിക്കണമെന്നാണ് നിയമം. മതംമാറ്റ ചടങ്ങിന് നേതൃത്വം നൽകുന്നയാൾ ഫോറം രണ്ട് പ്രകാരവും 30 ദിവസം മുമ്പ് അപേക്ഷ നൽകണം.

പ്രസ്തുത അപേക്ഷയിൽ ആർ​ക്കെങ്കിലും എതിർപ്പുണ്ടോ എന്ന് ജില്ല മജിസ്ട്രേറ്റ് ആരായും. എതിർപ്പുണ്ടെങ്കിൽ അതുസംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥരോ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരോ അന്വേഷണം നടത്തും. ശരിയായ ഉദ്ദേശ്യത്തോടെയാണ് മതപരിവർത്തനം നടത്തുന്നതെന്ന് അന്വേഷണ റിപോർട്ട് ലഭിച്ചാൽ മാത്രമേ അനുമതി ലഭിക്കൂ. അന്വേഷണ ഉദ്യോഗസ്ഥർ കേസിന് നിർദേശിച്ചാൽ പോലിസിനോട് ക്രിമിനൽ നടപടിയെടുക്കാൻ ജില്ലാ മജിസ്ട്രേറ്റിന് ആവശ്യപ്പെടാം.

മുഈനെതിരായ കേസിൽ മതം മാറ്റത്തിനു മുമ്പ് മുഈനും ഖുഷ്ബുവും വിവാഹിതരായിട്ടില്ലെന്ന് പോലിസ് ചൂണ്ടിക്കാട്ടി. ആന്ധ്രയിലെ പെനുകൊണ്ടയിലെ ദർഗയിലേക്ക് ഖുഷ്ബുവിനെ കൊണ്ടുപോയി മതംമാറ്റ ചടങ്ങ് നടത്തുകയായിരുന്നെന്നാണ് പോലിസ് നൽകുന്ന വിവരം. തന്നെ നിർബന്ധിച്ച് മതം മാറ്റിയതല്ലെന്ന് പെൺകുട്ടിയും പോലിസിന് മൊഴി നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it