Sub Lead

സോനഭദ്ര കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ ഗസ്റ്റ് ഹൗസിലെത്തി കണ്ടു; തൃണമൂല്‍ സംഘത്തെയും തടഞ്ഞു

സോനഭദ്ര കൂട്ടക്കൊല: കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ ഗസ്റ്റ് ഹൗസിലെത്തി കണ്ടു; തൃണമൂല്‍ സംഘത്തെയും തടഞ്ഞു
X

ന്യൂഡല്‍ഹി: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് 10 ദലിത് കര്‍ഷകര്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ കാണുന്നതില്‍ നിന്നു എഐസിസി ഈസ്റ്റ് യുപി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടഞ്ഞ പോലിസ് നടപടിക്കെതിരേ പ്രതിഷേധം കനപ്പിക്കുന്നതിനിടെ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇവരുമായി അല്‍പ്പസമയം സംസാരിച്ച പ്രിയങ്ക ഗാന്ധി കാര്യങ്ങളെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. നേരത്തേ, വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയെ പോലിസ് തടഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച പോലിസ് മിര്‍സാപ്പൂരില്‍ വച്ചാണ് പ്രിയങ്കയെ തടഞ്ഞത്. ഇവിടെനിന്ന് മിര്‍സാപൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ പ്രിയങ്ക ഗാന്ധി, പരിക്കേറ്റവരെ കാണാതെ മടങ്ങില്ലെന്ന് ആവര്‍ത്തിച്ചിരുന്നു. നാലുപേരുടെ കുടുംബാംഗങ്ങളാണ് പ്രിയങ്കയെ കണ്ടത്. അതിഭീകരമായ അനീതിയാണ് അരങ്ങേറിയതെന്ന് മാധ്യമങ്ങളോട് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരടങ്ങുന്ന സംഘത്തെ വരാണസി വിമാനത്താവളത്തില്‍ തടഞ്ഞു. ഡെറെക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് ഇന്നു രാവിലെ തടഞ്ഞുവച്ചത്. വെടിവയ്പില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെയാണ്, സെക്ഷന്‍ 144 പ്രകാരം തങ്ങളെ തടഞ്ഞുവച്ചതെന്ന് ഡെറെക് ഒബ്രിയാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. സുനില്‍ മൊണ്ടാല്‍, അഭിര്‍ രഞ്ജന്‍ ബിശ്വാസ് എന്നിവരാണ് ഒബ്രെയ്‌നൊപ്പമുള്ളത്. സംഘത്തോട് ഗസ്റ്റ് ഹൗസിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും എയര്‍കണ്ടീഷന്‍ ചെയ്ത ഗസ്റ്റ് ഹൗസുകളിലേക്കല്ല ഞങ്ങള്‍ വന്നതെന്നും പരിക്കേറ്റവരെ കാണാനാണെന്നും മറുപടി പറഞ്ഞതായും ഒബ്രെയ്ന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പോലിസ് നിലപാട് ആവര്‍ത്തിച്ചതോടെ മൂവരും വിമാനത്താവളം കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഇതിനു ശേഷം രാവിലെ 11.30ഓടെയെത്തിയ കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ സിങ് ഹൂഡ, മുകുള്‍ വാസ്‌നിക്, രാജ് ബബ്ബാര്‍, രതന്‍ജിത്ത് പ്രതാപ് നരേന്‍ സിങ്, ജിതിന്‍ പ്രസാദ, രാജീവ് ശുക്ല എന്നിവരെയും വാരണസി വിമാനത്താവളത്തില്‍ പോലിസ് തടഞ്ഞു.

10 ദലിത് കര്‍ഷകരാണ് സോന്‍ഭാദ്രയിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉഭ ഗ്രാമത്തലവന്‍ ഇ കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് വാങ്ങിയ 36 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുക്കാനെത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെ, ഗ്രാമത്തലവന്‍ കൂട്ടാളികളുമായെത്തി വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഖേല്‍, നടന്‍ രാജ് ബബ്ബാര്‍ എന്നിവരും പ്രിയങ്കയ്ക്കു ഐക്യദാര്‍ഢ്യവുമായെത്തും.













Next Story

RELATED STORIES

Share it