Sub Lead

പ്രണബ് മുഖര്‍ജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടം: മുഖ്യമന്ത്രി

പ്രണബ് മുഖര്‍ജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞന്‍ ആയിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. പ്രണബ് മുഖര്‍ജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്. ആ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങള്‍ സമൂഹത്തില്‍ രൂഢമൂലമാക്കാന്‍ വേണ്ടി നിരന്തരം ശ്രമിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

നെഹ്‌റുവിയന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നേര്‍പിന്‍മുറക്കാരനായിരുന്ന പ്രണബ് മുഖര്‍ജി സമൂഹത്തില്‍ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടര്‍ത്താനും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ പൊരുതാനും നേതൃപരമായ പങ്ക് വഹിച്ചു. അതിപ്രഗല്‍ഭനായ പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പ്രാഗല്‍ഭ്യമുള്ള വാഗ്മി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹൃദപൂര്‍ണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു. ചേരിചേരാ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ചിരുന്ന അദ്ദേഹം പല നിര്‍ണായക ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരുദ്ധവും സോഷ്യലിസ്റ്റ് ചേരിക്ക് അനുകൂലവുമായ നയസമീപനങ്ങള്‍ കൈക്കൊണ്ടിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Pranab Mukherjee's demise is a great loss to the nation and the people: Chief Minister





Next Story

RELATED STORIES

Share it