Sub Lead

പശുക്കടത്താരോപിച്ച് എന്‍എസ്എ ചുമത്തിയ നടപടി കോണ്‍ഗ്രസ്സ് പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട്

സംഘപരിവാറിന് സമാനമായ മുസ്‌ലിം വിരുദ്ധ നീക്കങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സ് പിന്‍മാറണമെന്നും എന്‍.എസ്.എ പിന്‍വലിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

പശുക്കടത്താരോപിച്ച് എന്‍എസ്എ ചുമത്തിയ നടപടി കോണ്‍ഗ്രസ്സ് പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: പശു കടത്താരോപിച്ചു മൂന്ന് മുസ്‌ലിം യുവാക്കളുടെ മേല്‍ എന്‍.എസ്.എ(നാഷണല്‍ സെക്യൂരിറ്റി ആക്റ്റ് ) ചുമത്തിയ മധ്യപ്രദേശ് കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നടപടിയില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യാ ദേശീയ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. സംഘപരിവാറിന് സമാനമായ മുസ്‌ലിം വിരുദ്ധ നീക്കങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സ് പിന്‍മാറണമെന്നും കേസ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പശു രാഷ്ട്രീയം ഹിന്ദുവികാരത്തെ മുതലെടുക്കാനുള്ള സംഘ്പരിവാര്‍ ആയുധമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ നിരവധി മുസ്‌ലിംകളേയാണ് സംഘപരിവാര പശുസംരക്ഷകര്‍ അടിച്ചു കൊലപ്പെടുത്തിയത്. ബീഫ് കൈവശം വെച്ചെന്നുള്ള കള്ള പ്രചരണത്തിന്റെ പേരില്‍ പോലും മനുഷ്യരെ തല്ലിക്കൊല്ലുന്ന അവസ്ഥയാണുള്ളത്. പശുവിന്റെ പേരിലുള്ള നിരവധി ആള്‍ക്കൂട്ട കൊലകള്‍ക്കാണ് മധ്യപ്രദേശ് സമീപകാലത്ത് സാക്ഷിയായത്. മധ്യപ്രദേശിലെ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ വിജയം. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇത്തരം നിയമവിരുദ്ധ അക്രമങ്ങള്‍ക്കും പശു സംരക്ഷണത്തിന്റെ പേരിലുള്ള സംഘപരിവാര്‍ ആള്‍ക്കൂട്ട കൊലകള്‍ക്കും അറുതിയാകുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ജനാധിപത്യ വിശ്വാസികളെ നിരാശരാക്കുന്ന നടപടികള്‍ക്കാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഗോരക്ഷകരുടെ അജണ്ട നടപ്പാക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പശുകടത്തും കശാപ്പും ദേശ സുരക്ഷാ നിയമവുമായി ബന്ധപ്പെടുത്തിയതിലൂടെ ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ദേശീയതയാണ് കമല്‍നാഥ് നേതൃത്വം നല്‍കുന്ന മധ്യപ്രദേശ് കോണ്‍ഗ്രസ്സ് സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും പോപുലര്‍ഫ്രണ്ട് യോഗം കുറ്റപ്പെടുത്തി. മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ്സ് ദേശീയ നേതാക്കളില്‍ ചിലര്‍ വിമര്‍ശന മുന്നയിച്ചിട്ടും നടപടി പിന്‍വലിക്കാന്‍ കമല്‍നാഥ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രീണന നടപടി മുസ്‌ലിംകളേയും മറ്റു മത ന്യൂനപക്ഷ വിഭാഗങ്ങളേയും കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റുമെന്നും പോപുലര്‍ ഫ്രണ്ട് യോഗം കോണ്‍ഗ്രസ്സ് ദേശീയ നേതാക്കളെ ഓര്‍മപ്പെടുത്തി.

അധികാര ദുര്‍വിനിയോഗം നടത്തി മുസഫര്‍നഗര്‍ കലാപ കേസ് അട്ടിമറിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് മറ്റൊരു പ്രമേയത്തില്‍ പറഞ്ഞു. മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട 131 കേസുകളാണ് യുപിയിലെ യോഗി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. നിരവധി മുസ്‌ലിംകളെ ക്രൂരമായി കൊലപ്പെടുത്തിയ, യുവതികളെ ബലാല്‍സംഗം ചെയ്ത കേസുകളാണ് യുപി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്കെതിരേയുള്ള ഗുരുതരമായ കൊലപാതക കേസുകളും യുപി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. മതവും രാഷ്ട്രീയവും നോക്കി കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പോപുലര്‍ഫ്രണ്ട് കുറ്റപ്പെടുത്തി.

യോഗത്തില്‍ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് അലി ജിന്ന, ഒഎംഎ സലാം, അനീസ് അഹമ്മദ്, കെ എം ഷെരീഫ്, അബുല്‍ വാഹിദ് സേട്ട്, ഇ എം അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it