Sub Lead

ദുരന്തബാധിത മേഖലകള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു; മുഖ്യമന്ത്രി ദുരന്തമേഖല സന്ദര്‍ശിച്ച് ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് സി പി മുഹമ്മദ് ബഷീര്‍

ദുരന്തബാധിത മേഖലകള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു; മുഖ്യമന്ത്രി ദുരന്തമേഖല സന്ദര്‍ശിച്ച് ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് സി പി മുഹമ്മദ് ബഷീര്‍
X

മുണ്ടക്കയം: പേമാരിയും ഉരുള്‍പൊട്ടലും തകര്‍ത്തെറിഞ്ഞ കോട്ടയം, ഇടുക്കി ജില്ലകളിലെ ദുരന്തബാധിത മേഖലകള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രി ഉടന്‍ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച് കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ആശ്വാസ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരിച്ചവര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ആശ്വാസം പ്രഖ്യാപിച്ചിട്ടുള്ളത്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കേടുപാടുകള്‍ വന്നവര്‍ക്കും ഉപജീവനം വഴിമുട്ടിയവര്‍ക്കും മതിയായ നഷ്ടപരിഹാരവും പുനരധിവാസവും വേണ്ടതുണ്ട്.

ചുവപ്പുനാടയില്‍ കുടുങ്ങി ഇരകള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കും ആശ്വാസനടപടികള്‍ക്കും കാലവിളംബമുണ്ടാവരുത്. കേരളം സ്ഥിരമായി ദുരന്തമുഖത്ത് നില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ ഫലപ്രദവും ശാസ്ത്രീയവുമായ ദുരന്തനിവാരണ മാനേജ്‌മെന്റ് വേണ്ടതുണ്ട്. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ പതിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തനിവാരണ, ദുരിതാശ്വാസ മേഖലകളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സന്നദ്ധപ്രവര്‍ത്തകര്‍ സജീവമാണ്. ദുരന്തബാധിത പ്രദേശങ്ങളായ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പുത്തന്‍ചന്ത, കൂട്ടിക്കല്‍, കൊക്കയാര്‍, പൂവഞ്ചി, ഇളംകാട്, ഏന്തയാര്‍ പ്രദേശങ്ങളിലാണ് പ്രവര്‍ത്തകര്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

മൂന്നുദിവസമായി ഏകദേശം മൂവായിരത്തോളം വരുന്ന മനുഷ്യാധ്വാനം പോപുലര്‍ ഫ്രണ്ട് വളണ്ടിയേഴ്‌സ് ദുരന്തബാധിത മേഖലകളില്‍ ചെലവഴിച്ചു. ഏകദേശം ആയിരത്തിലേറെ വീടുകള്‍ ഈ മേഖലയില്‍ നശിച്ചിട്ടുണ്ട്. ഇതില്‍ അഞ്ഞൂറോളം വീടുകള്‍ പോപുലര്‍ ഫ്രണ്ട് വളണ്ടിയേഴ്‌സ് ശുചീകരിച്ചു. കൂടാതെ പള്ളികള്‍, കിണറുകള്‍, പാലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയും ശുചീകരിച്ചു. തുടക്കം മുതലേ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മേഖലയില്‍ സജീവമായിരുന്നു. കൊക്കയാര്‍, പൂവഞ്ചി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്കായി രണ്ടുദിവസം തിരച്ചില്‍ നടത്തി ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി.

നിലവില്‍ വളണ്ടിയേഴ്‌സ് സേവനപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. നിലവില്‍ ഒമ്പത് ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങള്‍ പോപുലര്‍ ഫ്രണ്ട് നല്‍കിയിട്ടുണ്ട്. കൂടാതെ 700 കുടുംബങ്ങള്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ എത്തിച്ചുനല്‍കി. 17 ലക്ഷം രൂപയുടെ വസ്ത്രങ്ങളാണ് ഇതുവരെ നല്‍കിയത്. പോപുലര്‍ ഫ്രണ്ടിന്റെ വസ്ത്രവണ്ടി മേഖലകളില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ദുരന്തമേഖലയിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും ശേഖരിച്ച് പായ്ക്കിങ് പുരോഗമിക്കുന്നു. രണ്ടു ദിവസത്തിനകം ദുരിതബാധിതര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സംഘത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍, സംസ്ഥാന സമിതി അംഗം സി കെ റാഷിദ്, എറണാകുളം സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി, ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ പെരുവന്താനം തുടങ്ങിയവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it