Sub Lead

പിങ്ക് പോലിസിന്റെ ജാതിയധിക്ഷേപം: പെൺകുട്ടിയോട് ക്ഷമ ചോദിച്ച് ഡിജിപി

കേസിൽ ഒന്നരലക്ഷം രൂപ സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കുകയും വേണം. അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടി വേണമെന്നും പോലിസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയിരുന്നു.

പിങ്ക് പോലിസിന്റെ ജാതിയധിക്ഷേപം: പെൺകുട്ടിയോട് ക്ഷമ ചോദിച്ച് ഡിജിപി
X

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലിസ് ജാതിയധിക്ഷേപം നടത്തിയ സംഭവത്തിൽ ഇരയായ കുട്ടിയോട് സംസ്ഥാന പോലിസ് മേധാവി ക്ഷമ ചോദിച്ചു. കുട്ടിയുടെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് പോലിസ് മേധാവിക്ക് കൈമാറി. കോടതി ഉത്തരവ് അനുസരിച്ച് വേണ്ട നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും പിതാവ് പറഞ്ഞു.

കേസിൽ ഒന്നരലക്ഷം രൂപ സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കുകയും വേണം. അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടി വേണമെന്നും പോലിസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയിരുന്നു. നഷ്ടപരിഹാരം നൽകാനാവില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആറ്റിങ്ങൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും പിങ്ക് പോലിസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്. ഓഗസ്റ്റ് 27നായിരുന്നു സംഭവം. പിങ്ക് പോലിസ് വാഹനത്തിൽ നിന്ന് തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പോലിസ് ഉദ്യോഗസ്ഥയുടെ നടപടി. ഐസ്ആർഎഒയുടെ തിരുവനന്തപുരം കേന്ദ്രത്തിലേക്കു കൂറ്റൻ ചേംബറുകളുമായി പോവുകയായിരുന്ന വാഹനങ്ങൾ കാണാൻ എത്തിയതായിരുന്നു ജയചന്ദ്രനും മകളും.

ഫോൺ എടുത്തിട്ടില്ലെന്നു പറഞ്ഞിട്ടും യുവാവിനെയും മകളെയും പോലിസ് ഉദ്യോഗസ്ഥ അവഹേളിക്കുകയും പരസ്യമായി വിചാരണ നടത്തുകയും ചെയ്തു. ജയചന്ദ്രൻ മോഷ്ടിച്ചുവെന്നും തിരിച്ചുതരണമെന്നുമാണ് രജിത ആദ്യം പറഞ്ഞത്. താൻ എടുത്തിട്ടില്ലെന്നും ദേഹം പരിശോധിച്ചോളാനും ജയചന്ദ്രൻ പറഞ്ഞതോടെ ഫോൺ മകൾക്കു കൈമാറിയെന്നും കുട്ടി അത് കുറ്റിക്കാട്ടിലേക്ക് എറിയുന്നതു താൻ കണ്ടുവെന്നുമായി രജിതയുടെ ആരോപണം.

ഫോൺ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയോടും രജിത മോശമായി പെരുമാറിയതായും ഇരുവരെയും സ്റ്റേഷനിൽ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു. അതേസമയം, പിങ്ക് പട്രോളിന്റെ ഭാഗമായിരുന്ന മറ്റൊരു പോലിസ് ഉദ്യോഗസ്ഥ കാറിന്റെ പുറകിലെ സീറ്റിൽ വച്ചിരുന്ന രജിതയുടെ ബാഗിൽ ഫോൺ കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവസ്ഥലത്തുകൂടിയവർ രജിതയെ ചോദ്യം ചെയ്യുകയും ഇതിന്റെ വിഡിയോ പുറത്തുവരുകയും ചെയ്തു.

Next Story

RELATED STORIES

Share it