Big stories

പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; സിബിഐ അന്വേഷണത്തില്‍ നിസ്സഹകരണം

സിംഗില്‍ ബഞ്ചും പിന്നാലെ ഡിവിഷന്‍ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പോലിസ് സിബിഐയോട് സമ്പൂര്‍ണനിസ്സഹകരണമാണ് കാണിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; സിബിഐ അന്വേഷണത്തില്‍ നിസ്സഹകരണം
X

ന്യൂഡല്‍ഹി: കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി സംസ്ഥാനസര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരളം പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി എന്നിവര്‍ക്ക് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. എന്നാല്‍ അപ്പീലുമായി ബന്ധപ്പെട്ട് നാല് പിഴവുകള്‍ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടി. ഈ പിഴവുകള്‍ തിരുത്തി നല്‍കുന്നതോടെ പ്രത്യേക അനുമതി ഹര്‍ജിക്ക് നമ്പര്‍ ലഭിക്കും. കേസ് അടുത്തയാഴ്ച്ച കോടതിയുടെ പരിഗണനയ്ക്ക് എത്തുമെന്നാണ് കോടതി വൃത്തങ്ങള്‍ പറഞ്ഞു.

പെരിയ ഇരട്ട കൊലപാതകത്തെ സംബന്ധിച്ച് അന്വേഷണം നടത്തി സിബിഐ ഫയല്‍ ചെയ്യുന്ന റിപ്പോര്‍ട്ടിനൊപ്പം ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും പരിഗണിച്ച് വിചാരണ കോടതി തുടര്‍ നടപടി സ്വീകരിക്കണം എന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍, കേസിലെ ഗൂഢാലോചന ഉള്‍പ്പടെ ഉള്ള വിഷയങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു എന്നാണ് സര്‍ക്കാരിന്റെ നിലപാട്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിംഗില്‍ ബഞ്ചും പിന്നാലെ ഡിവിഷന്‍ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പോലിസ് സിബിഐയോട് സമ്പൂര്‍ണനിസ്സഹകരണമാണ് കാണിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകള്‍ തേടി കത്ത് നല്‍കിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പോലിസ് നല്‍കിയതുമില്ല.

മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പടെ ഉള്ള സീനിയര്‍ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നത് സീനിയര്‍ അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ മനീന്ദര്‍ സിംഗ് ആയിരുന്നു. കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍മാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവില്‍ നിന്ന് നല്‍കി.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ബൈക്കില്‍ ശരത് ലാലിന്റെ വീട്ടിലേക്കു പോകുമ്പാള്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാം പ്രതി. കേസില്‍ ആകെ 14 പ്രതികളാണുള്ളത്.

Next Story

RELATED STORIES

Share it