Big stories

പെരിയ കേസിലെ മുഖ്യപ്രതിക്ക് സുഖചികില്‍സ; ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരാവണമെന്ന് സിബിഐ കോടതി

പെരിയ കേസിലെ മുഖ്യപ്രതിക്ക് സുഖചികില്‍സ; ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരാവണമെന്ന് സിബിഐ കോടതി
X

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പീതാംബരന് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികില്‍സ നല്‍കിയതില്‍ സിബിഐ കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സിബിഐ കോടതി നിര്‍ദേശിച്ചു. കോടതിയുടെ അനുമതിയില്ലാതെ 40 ദിവസത്തെ കിടത്തിച്ചികില്‍സ നല്‍കിയതിന്റെ പേരിലാണ് നടപടി. ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരന് ചികില്‍സ നല്‍കിയ സാഹചര്യം നേരിട്ട് ചൊവ്വാഴ്ച നേരിട്ട് ഹാജരായി വ്യക്തമാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 14നാണ് പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജയില്‍ ഡോക്ടറോട് സൂപ്രണ്ട് ഉത്തരവിട്ടത്. ജയില്‍ ഡോക്ടറായ അമര്‍നാഥ് നടത്തിയ പരിശോധനയ്ക്ക് ശേഷം ഫെബ്രുവരി 19ന് പ്രതിക്ക് വിദഗ്ധചികില്‍സയ്ക്ക് റിപോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് പ്രതിക്ക് 40 ദിവസത്തെ ആയുര്‍വേദ ചികില്‍സ നല്‍കുകയായിരുന്നു.

എന്നാല്‍, ഇതിന് സിബിഐ കോടതിയുടെ അനുമതി ലഭിച്ചിരുന്നില്ല. നടുവേദനയും മറ്റ് ചില അസുഖങ്ങളുമുള്ളതിനാലാണ് കിടത്തിച്ചികില്‍സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് കൊടുത്തതെന്നാണ് വിവരം. നിലവില്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയിലാണ് എ പീതാംബരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പീതാംബരന്‍. 2019 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് കൂരാങ്കര റോഡില്‍വച്ച് അക്രമികള്‍ ബൈക്ക് തടഞ്ഞ് യുവാക്കളെ ആക്രമിക്കുകയായിരുന്നു.

കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഈ കേസില്‍ 16 പേരാണ് നിലവില്‍ ജയിലില്‍ കഴിയുന്നത്. ആകെ 24 പ്രതികളാണ് കേസിലുള്ളത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. 2019 സപ്തംബറില്‍ പോലിസിന്റെ കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

Next Story

RELATED STORIES

Share it