Sub Lead

സിഎഎയെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളും ദേശവിരുദ്ധരുമല്ല: ബോംബെ ഹൈക്കോടതി

പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ തനിക്കും മറ്റുള്ളവര്‍ക്കും അനുമതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി ഇഫ്തികാര്‍ സകീ ഷെയ്ക്ക് നല്‍കിയ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം.

സിഎഎയെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളും ദേശവിരുദ്ധരുമല്ല: ബോംബെ ഹൈക്കോടതി
X

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ മറ്റേതെങ്കിലും നിയമത്തിനെതിരെയോ പൗരന്മാര്‍ പ്രതിഷേധിക്കുന്നത് തടയാന്‍ സെക്ഷന്‍ 144 ചുമത്തുന്നത് നിയമവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സ്വതന്ത്ര ഇന്ത്യയില്‍ പൗരന്മാര്‍ക്കെതിരേ കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരേ ജസ്റ്റിസുമാരായ ടി വി നല്‍വാഡെ, എം ജി സെവില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് നിശിത വിമര്‍ശനമുയര്‍ത്തുകയും ചെയ്തു. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ തനിക്കും മറ്റുള്ളവര്‍ക്കും അനുമതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി ഇഫ്തികാര്‍ സകീ ഷെയ്ക്ക് നല്‍കിയ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ബീഡ് ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ തീരുമാനിച്ചവര്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. തുടര്‍ന്നാണ് ഇവര്‍ ഇഫ്തിക്കാറിന്റെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചത്. സിഎഎക്കെതിരെ പ്രതിഷേധിക്കാന്‍ കോടതി ഇവര്‍ക്ക് അനുമതി നല്‍കി.

ജനുവരി 21ന് പോലിസും ജനുവരി 31ന് മജിസ്‌ട്രേറ്റും പ്രതിഷേധം നടത്താന്‍ ഇവര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നതു മാത്രമായിരുന്നു ഹര്‍ജിക്കാരനും കൂടെയുള്ളവരും ആഗ്രഹിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. 'ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു എന്നതുകൊണ്ടു മാത്രം ആരെയും രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ല. ഇതൊരു പ്രതിഷേധ പ്രകടനം മാത്രമാണ്' കോടതി നിരീക്ഷിച്ചു. സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ച പോലിസിന്റെയും മജിസ്‌ട്രേറ്റിന്റെയും ഉത്തരവുകളും കോടതി റദ്ദാക്കി.

Next Story

RELATED STORIES

Share it