Sub Lead

പയ്യന്നൂരിലെ ഫണ്ട് തിരിമറി: കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും

സിപിഎമ്മിനു വേണ്ടി ഫണ്ട് പിരിക്കുന്ന ഇടനിലക്കാർ എന്ന് ആരോപിക്കപ്പെടുന്ന 2 പേർക്കെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഹക്കീം വധത്തിലടക്കം ആരോപണം നേരിട്ടവർക്കെതിരേയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

പയ്യന്നൂരിലെ ഫണ്ട് തിരിമറി: കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും
X

കണ്ണൂർ: പാർട്ടിയിലെ സാമ്പത്തിക ക്രമക്കേടുകൾ തെളിവുകൾ സഹിതം നേതൃത്വത്തിനു മുന്നിൽ എത്തിച്ചതിന്റെ പേരിൽ സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വി കുഞ്ഞിക്കൃഷ്ണനും നടപടിയിൽ പ്രതിഷേധിക്കുന്നവരും സിപിഎം നേതൃത്വത്തിന്റെ നിരീക്ഷണത്തിൽ. അതേസമയം വി കുഞ്ഞിക്കൃഷ്ണനെ ഇന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന റിപോർട്ട് ഉണ്ട്.

പാർട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസവും ഓഡിറ്റ് നടത്താതിരുന്നതും ആണ് വീഴ്ചയെന്നുമുള്ള മേൽ കമ്മിറ്റി തീരുമാനം പയ്യന്നൂർ ഏരിയ കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിച്ചിരുന്നു. പാർട്ടിയിലെ അനീതി ചോദ്യം ചെയ്യുന്നവരെ അച്ചടക്ക നടപടിക്കു വിധേയമാക്കിയതിലും ആരോപണ വിധേയർക്ക് എതിരായി നാമമാത്രമായി നടപടി എടുത്തതിലും 21 അംഗ ഏരിയ കമ്മിറ്റിയിൽ 16 പേർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

കുഞ്ഞിക്കൃഷ്ണനെ മാറ്റിയത് ഏരിയ കമ്മിറ്റിയിലെ മാനസിക അനൈക്യം പരിഹരിക്കാൻ ആണെന്നാണ് സിപിഎം വിശദീകരണം. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ കുഞ്ഞിക്കൃഷ്ണൻ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ വരവുചെലവ് കണക്ക് പരിശോധനയിലാണ് ഫണ്ട് തിരിമറി പുറത്തുവന്നത്. 3 ഫണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയെന്നാണു പുറത്തുവന്ന വിവരം.

അതിനിടെ, സിപിഎമ്മിനു വേണ്ടി ഫണ്ട് പിരിക്കുന്ന ഇടനിലക്കാർ എന്ന് ആരോപിക്കപ്പെടുന്ന 2 പേർക്കെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരിലെ പ്രതിഷേധം അണയുന്നില്ലെന്നതാണ് ഇതു വ്യക്തമാക്കുന്നത്. ഹക്കീം വധത്തിലടക്കം ആരോപണം നേരിട്ടവർക്കെതിരേയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കടല സതീശന്റെ ആലയിൽ സിപിഎമ്മിനെ കെട്ടരുത് എന്ന പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്.

ഫണ്ട് ദുർവിനിയോഗം നടന്നെന്നു സമർഥിക്കാൻ കഴിയുന്ന കണക്കുകളുടെ രേഖകൾ കുഞ്ഞിക്കൃഷ്ണന്റെ കൈവശമുള്ളതും സിപിഎം നേതൃത്വത്തിനു ഭീഷണിയാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിനായി ടി ഐ മധുസൂദനൻ എംഎൽഎയുടെയും മുൻ ഏരിയ സെക്രട്ടറി കെ പി മധുവിന്റെയും പേരിൽ എടുത്ത സംയുക്ത അക്കൗണ്ടിൽ അവശേഷിക്കുന്നത് വെറും 26,000 രൂപ മാത്രമാണ്.

കുഞ്ഞിക്കൃഷ്ണന്റെ കണക്കും നേതൃത്വം തയാറാക്കിയ കണക്കും തമ്മിൽ പൊരുത്തക്കേടുകൾ‌ ഉണ്ട്. ധനരാജിന്റെ പേരിൽ ബാങ്കിലുള്ള കടം വീട്ടുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് 15 ലക്ഷം രൂപയോളം വേണം. ബാക്കി പണം എവിടെ നിന്ന് ആര് എടുത്തു നൽകുമെന്ന ചോദ്യവും അവശേഷിക്കുന്നു. അക്കൗണ്ടിൽ ബാക്കി ആകേണ്ടിയിരുന്ന 42 ലക്ഷം രൂപ എവിടെ പോയെന്ന കാര്യത്തിലും കീഴ്ഘടകങ്ങൾ വ്യക്തത ആവശ്യപ്പെട്ടേക്കാം.

ഇന്നലേയും ഇന്നുമായി നടക്കുന്ന സംസ്ഥാന സമിതി യോ​ഗം വിഷയം ചർച്ച ചെയ്യുന്നുണ്ട്. വി കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കനുള്ള തീരുമാനം സംസ്ഥാന സമിതി കൈക്കൊള്ളുമെന്നാണ് ലഭിക്കുന്ന വിവരം. ടി ഐ മധുസൂദനനെ സംരക്ഷിക്കുന്നത് ഇ പി ജയരാജനും കോടിയേരി ബാലകൃഷ്ണനുമാണെന്ന ആരോപണം പാർട്ടി പ്രവർത്തകർക്കും വിവിധ ലോക്കൽ കമ്മിറ്റി അം​ഗങ്ങൾക്കും ഉണ്ട്. കുഞ്ഞിക്കൃഷ്ണനെതിരായ കടുത്ത നടപടിയിലേക്ക് പോകുന്നതോടെ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക് പോകാൻ സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it