Sub Lead

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ രാജ്യസ്നേഹികള്‍ മുന്നോട്ട് വരണം: എസ്ഡിപിഐ

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ രാജ്യസ്നേഹികള്‍ മുന്നോട്ട് വരണം: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന ഫാം നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കാന്‍ രാജ്യസ്നേഹികള്‍ മുന്നോട്ട് വരണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം നിന്ദ്യമാണ്.

കര്‍ഷകരുടെ ഇഷ്ടാനുസരണം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവകാശം തടയുന്നതും ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഇല്ലാതാക്കുന്നതുമാണ് പുതിയ ഫാം നിയമങ്ങളെന്നതിനാലാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. പുതിയ നിയമങ്ങള്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണ മേഖലയിലേക്ക് കോര്‍പ്പറേറ്റ് ഭീമന്മാരെ പ്രവേശിപ്പിക്കാന്‍ സഹായിക്കുമെന്ന് അവര്‍ ന്യായമായും ഭയപ്പെടുന്നു. ഈ കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഉല്‍പ്പാദന മേഖല കുത്തകയാക്കുന്നതോടെ അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് വില നിശ്ചയിക്കേണ്ടി വരുമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു.

കര്‍ഷകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും ശ്രമിക്കുന്നതിനുപകരം ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാകുമെന്ന ബോധ്യത്തില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രക്ഷോഭത്തില്‍ അവരുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുമ്പില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഏതെങ്കിലും പ്രലോഭനത്തിനു വഴങ്ങുന്നതിനു പകരം അടുത്തിടെ നടപ്പിലാക്കിയ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നതോടെ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭം ശക്തമാക്കുമെന്നും തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ തുടരുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് എസ്ഡിപിഐ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സമരത്തിന്റെ വിജയത്തിനായി കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും ഈ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി എം കെ ഫൈസി വ്യക്തമാക്കി. അവരുടെ വിയര്‍പ്പും പരിശ്രമവും കൊണ്ട് രാജ്യത്തെ പോഷിപ്പിക്കുന്ന കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ അവഗണിച്ച് ബലപ്രയോഗത്തിലൂടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന തങ്ങളുടെ ഫാഷിസ്റ്റ് നിലപാട് ഉപേക്ഷിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it