Sub Lead

ഓര്‍മകളില്‍ ആടി ഉലയുന്നൊരു പത്തേമാരി

ഓര്‍മകളില്‍ ആടി ഉലയുന്നൊരു പത്തേമാരി
X

കെ എം അക്ബര്‍

വര്‍ഷം 50 പിന്നിട്ടെങ്കിലും ഇവരുടെ ഓര്‍മകളിലിപ്പോഴും ഒരു പത്തേമാരി ആടിയുലയുന്നുണ്ട്. ആ ഓര്‍മകള്‍ കേട്ടിരിക്കുന്നവര്‍ക്ക് വലിയ ഊര്‍ജമാണ് നല്‍കുന്നത്. ആര്‍ത്തലക്കുന്ന തിരമാലകള്‍ക്ക് മീതെ പത്തേമാരിയിലൂടെയുള്ള ഇവരുടെ യാത്രയ്ക്ക് കഴിഞ്ഞ ദിവസം അഞ്ച് പതിറ്റാണ്ട് പിന്നിട്ടു. ആ ഓര്‍മകളിലവര്‍ ഒത്തൊരുമിച്ചു. ചാവക്കാടിനടുത്ത് വടക്കേകാട് എം വി കുഞ്ഞുമുഹമ്മദ് ഹാജി എന്ന തടാകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടിലായിരുന്നു ആ സംഗമം. 40 ദിവസത്തെ പത്തേമാരി ജീവിതത്തില്‍ ഒരുമിച്ചുണ്ടായിരുന്ന 21 പേരില്‍ നാലുപേരാണ് ഇവിടെ സംഗമിച്ചത്. കുഞ്ഞുമുഹമ്മദ് ഹാജിയും കുട്ടനും സുബ്രനും ബാലനും. പത്തേമാരി യാത്രയില്‍ നേരിട്ട അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് പത്തേമാരി ജീവിതത്തിലേക്ക് അവര്‍ പിന്തിരിഞ്ഞു നടന്നു.

കൃത്യമായി പറഞ്ഞാല്‍ 1969 മെയ് അഞ്ചിനാണ് ചാവക്കാട് വടക്കേകാട് എം വി കുഞ്ഞുമുഹമ്മദും സംഘവും അറേബ്യന്‍ മണലാരണ്യത്തിലേക്ക് പത്തേമാരിയില്‍ യാത്ര തിരിച്ചത്. കോഴിക്കോട് നിന്നായിരുന്നു ആ യാത്ര. ഒരാള്‍ക്ക് യാത്രയ്ക്ക് ചിലവ് 500 രൂപ. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ദക്ഷിണ. പിന്നെ ഗോതമ്പ് പൊടി, ചെറുപയര്‍, അരി, പരിപ്പ്, വെള്ളം ഇവയെല്ലാം കരുതുകയും വേണം. അങ്ങനെ സംഘം യാത്ര തുടങ്ങി. വലിയ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കാന്‍ വേണ്ടിയായിരുന്നു ആ യാത്രയെന്ന് കുഞ്ഞുമുഹമ്മദ് ഹാജി പറയുന്നു. ദുരിത സാഹചര്യത്തില്‍ നിന്ന് കുതറി മാറാനുള്ള കഠിന യത്‌നത്തിന്റെ ഭാഗവുമായിരുന്ന ആ യാത്ര.



യാത്രയ്ക്കിടെ പുറത്തെ കാര്‍മേഘങ്ങള്‍ കൂടുതല്‍ ഇരുണ്ടതായി തോന്നി. തിരമാലകള്‍ ലാഞ്ചിയെ അപ്പാടെ എടുത്തുമറിക്കുമെന്ന് ആധിയുയര്‍ന്നു. കരക്കണയാനുള്ള ദിവസം വൈകും തോറും കരുതിവച്ച കുടിവെള്ളം തീര്‍ന്നു. വല്ലാതെ വ്യാകുലപ്പെട്ട നിമിഷങ്ങള്‍. കുഞ്ഞുമുഹമ്മദ് ഹാജിയും സംഘവും തങ്ങളുടെ യാത്രാ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. തുണികെട്ടി പന്തമുണ്ടാക്കി കത്തിച്ച് ദൂരെ കണ്ട കപ്പലിനു നേരെ വീശി. കപ്പിത്താന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കപ്പല്‍ വേഗത കുറച്ചു. ചെറിയ ബോട്ടിലൂടെ അവര്‍ പത്തേമാരിക്കടുത്തെത്തിയപ്പോള്‍ വെള്ളം തീര്‍ന്ന കാര്യം അറിയിച്ചു. നിരവധി കന്നാസുകളില്‍ കപ്പലില്‍ നിന്നും വെള്ളം നിറച്ചു നല്‍കി. അപ്പോഴാണ് ആശ്വാസമായതെന്ന് കുഞ്ഞുമുഹമ്മദ് ഹാജി പറയുന്നു. ഏഴ് ദിവസം കൊണ്ട് എത്തുമെന്നായിരുന്നു പത്തേമാരിയിലുള്ളവര്‍ പറഞ്ഞിരുന്നത്.

എന്നാല്‍, 40 ദിവസം കഴിഞ്ഞാണ് തങ്ങളുടെ പത്തേമാരി കരക്കണഞ്ഞത്. പത്തേമാരിയില്‍ നിന്ന് കരയിലേക്ക് നീന്തിക്കയറണം. ഒമാന്‍ അതിര്‍ത്തിയിലേക്കാണ് എല്ലാവരും നീന്തിക്കയറിയത്. അവിടെ നിന്ന് അവര്‍ ചെറു സംഘങ്ങളായി വേര്‍പിരിഞ്ഞു. പിന്നീട് സംഘത്തിലെ പലരുമായും ബന്ധമുണ്ടായിരുന്നെങ്കിലും നാലു പേര്‍ ഒരുമിച്ചത് ആദ്യമായിട്ടായിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി സംഗമം നടത്താമെന്ന് പറഞ്ഞാണ് മൂന്നു പേരേയും കുഞ്ഞുമുഹമ്മദ് ഹാജി യാത്രയാക്കിയത്.

Next Story

RELATED STORIES

Share it