Sub Lead

ദലിതനെ വിവാഹം ചെയ്തതിന് പിതാവ് കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി എംഎല്‍എയുടെ മകള്‍(വീഡിയോ)

എനിക്കോ എന്റെ ഭര്‍ത്താവിനോ, അവരുടെ കുടുംബത്തിനോ വല്ലതും സംഭവിച്ചാല്‍ അതിന് എന്റെ പിതാവും സഹോദരന്‍ വിക്കിയും കൂട്ടുകാരുമായിരിക്കും ഉത്തരവാദികളെന്നും പെണ്‍കുട്ടി പറയുന്നു

ദലിതനെ വിവാഹം ചെയ്തതിന് പിതാവ് കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി എംഎല്‍എയുടെ മകള്‍(വീഡിയോ)
X

ന്യൂഡല്‍ഹി: ദലിത് യുവാവിനെ വിവാഹം ചെയ്തതിനു പിതാവ് ഗുണ്ടകളെ അയച്ച് കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി എംഎല്‍എയുടെ മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി ജില്ലയിലെ ബിതാരി ചെയ്ന്‍പൂരില്‍ നിന്നുള്ള എംഎല്‍എയായ രാജേഷ് മിശ്ര എന്ന പപ്പു ബര്‍ത്വാലിന്റെ മകള്‍ സാക്ഷി മിശ്ര(23)യാണ് വീഡിയോ സന്ദേശത്തിലൂടെ പിതാവിനെതിരേ രംഗത്തെത്തിയിട്ടുള്ളത്. യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സാക്ഷി മിശ്ര അജിതേഷ് കുമാര്‍(29) എന്ന ദലിത് യുവാവിനെ വിവാഹം കഴിച്ചത്. പിതാവിനെയും സഹോദരനെയും പേരെടുത്ത് പരാമര്‍ശിക്കുന്ന വീഡിയോയില്‍ ഞങ്ങളെ വെറുതെ വിടണമെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.



പപ്പാ, നിങ്ങള്‍ നിങ്ങളുടെ ഗുണ്ടകളെ എന്റെ പിന്നാലെ അയച്ചു. ഞാന്‍ ക്ഷീണിതയാണ്. ഇനിയും ഒളിച്ചിരിക്കാന്‍ വയ്യ, ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്. അഭി(ഭര്‍ത്താവ്)യെയും കുടുംബത്തെയും ഇനിയും ഉപദ്രവിക്കരുത്. എനിക്ക് സന്തോഷവും സ്വാതന്ത്ര്യവും വേണം എന്നാണ് സാക്ഷി മിശ്ര ഭര്‍ത്താവിനോടൊപ്പം എടുത്ത സെല്‍ഫി വീഡിയോയില്‍ പറയുന്നത്. മാത്രമല്ല, ഞങ്ങളെ അവരുടെ കൈയില്‍ കിട്ടിയാല്‍ ഉറപ്പായും കൊല്ലും. എനിക്കോ എന്റെ ഭര്‍ത്താവിനോ, അവരുടെ കുടുംബത്തിനോ വല്ലതും സംഭവിച്ചാല്‍ അതിന് എന്റെ പിതാവും സഹോദരന്‍ വിക്കിയും കൂട്ടുകാരുമായിരിക്കും ഉത്തരവാദികളെന്നും പെണ്‍കുട്ടി പറയുന്നു. ഇരുവരും താമസിച്ച ഹോട്ടലിനു മുന്നില്‍ രാവിലെ ഗുണ്ടാസംഘങ്ങള്‍ എത്തിയിരുന്നെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ''എന്റെ പിതാവിനെ സഹായിക്കാനെന്നു പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇത് നിര്‍ത്തണം, ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്''. മറ്റൊരു വീഡിയോയില്‍ തനിക്കും ഭര്‍ത്താവിനും കുടുംബത്തിനും പോലിസ് സുരക്ഷ വേണമെന്നും യുവതി അപേക്ഷിക്കുന്നുണ്ട്. സംഭവത്തോട് ബിജെപി എംഎല്‍എ രാജേഷ് മിശ്ര പ്രതികരിച്ചിട്ടില്ല. വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ക്ക് സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇരുവരും എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ കെ പാണ്ഡ്യേ പിടിഐയോട് പറഞ്ഞു.









Next Story

RELATED STORIES

Share it