Sub Lead

'മാപ്പിളമാര്‍ എനിക്ക് വട്ടപ്പൂജ്യമാണ്; കളിച്ചാല്‍ യുപിയിലെ ജയിലിലടയ്ക്കും'; വംശീയാധിക്ഷേപവുമായി പാനൂര്‍ നഗരസഭാ സെക്രട്ടറി

സംഭാഷണം പുറത്തുപറയേണ്ടെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചാണ് സെക്രട്ടറി ഫോണ്‍ കട്ട് ചെയ്യുന്നത്.

മാപ്പിളമാര്‍ എനിക്ക് വട്ടപ്പൂജ്യമാണ്; കളിച്ചാല്‍ യുപിയിലെ ജയിലിലടയ്ക്കും; വംശീയാധിക്ഷേപവുമായി പാനൂര്‍ നഗരസഭാ സെക്രട്ടറി
X
കണ്ണൂര്‍: മുസ് ലിംകള്‍ക്കെതിരേ കടുത്ത രീതിയില്‍ വംശീയാധിക്ഷേപം നടത്തുന്ന പാനൂര്‍ നഗരസഭാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത്. നഗരസഭാ സെക്രട്ടറി പ്രവീണ്‍ തലശ്ശേരിയും സ്ഥലം മാറിപ്പോയ എല്‍ഡി ക്ലാര്‍ക്ക് അശോകനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് അത്യന്തം പ്രകോപനപരവും വംശീയവുമായി അധിക്ഷേപിക്കുന്നഅസഭ്യവര്‍ഷമുള്ളത്. 'മാപ്പിളമാര്‍ എനിക്ക് വട്ടപ്പൂജ്യമാണ്, എന്‍ഡിഎഫിനുവേണ്ടിയാണ് ചിലരെ സ്ഥലംമാറ്റിയത്, ചെയര്‍മാനേക്കാള്‍ നല്ല ഇന്ത്യന്‍ പൗരനാണ് ഞാന്‍, കളിച്ചാല്‍ ഇഡിയെക്കൊണ്ട് യുപിയിലെ ജയിലിലടയ്ക്കും, ഇസ്‌ലാമിക രാജ്യം മനസ്സില്‍ പ്രേമിച്ചു നടക്കുന്നവനാണ് ചെയര്‍മാനും ചില കൗണ്‍സിലര്‍മാരും, പെരിങ്ങത്തൂര്‍ ടൗണില്‍ 25 കൊല്ലം മുമ്പേ മുഴുവന്‍ തീവ്രവാദികളാണ്, മാപ്പിള മൈന്റാണ്...' തുടങ്ങിയ വംശീയാധിക്ഷേപങ്ങളാണ് മിനിറ്റുകള്‍ നീളുന്ന ശബ്ദരേഖയിലുള്ളത്. മാപ്പിളമാരുടെ കാര്യത്തിനു മാത്രമുണ്ടാക്കിയതാണ് ലീഗെന്നും 'തങ്ങള്‍' എന്നു പറഞ്ഞാല്‍ മതംമാറിയ ടീമാണെന്നും അധിക്ഷേപിക്കുന്നുണ്ട്. എന്‍ഡിഎഫാണ് സെക്രട്ടേറിയറ്റ് ഭരിക്കുന്നതെന്നും പാനൂര്‍ നഗരസഭയില്‍ ഇസ്‌ലാമിക് ബ്രദര്‍ഹുഡാണ് പ്രവര്‍ത്തിക്കുന്നതെന്നും ശബദരേഖയില്‍ പറയുന്നുണ്ട്.

തലശ്ശേരി എംഎല്‍എ ശംസീറിനെ ഞാന്‍ മൈന്റ് ചെയ്തിട്ടില്ലെന്നും കെ സുധാകരനുമായി അല്‍പ്പം മുമ്പ് സംസാരിച്ചിരുന്നതായും സെക്രട്ടറി പറയുന്നുണ്ട്. വിഭജനത്തിന്റെ ആളുകളാണ് മുസ് ലിം ലീഗെന്നു പറയുന്ന സെക്രട്ടറി, പിഎസ് സി മുന്‍ ചെയര്‍മാന്‍ സാവാന്‍കുട്ടിക്കെതിരേയും പരാമര്‍ശം നടത്തുന്നുണ്ട്. ടിപ്പു മതംമാറ്റിയെന്നും തങ്ങന്‍മാര്‍ ഹിന്ദുക്കളില്‍നിന്ന് മതംമാറിയവരാണന്നും പറയുന്നുണ്ട്. ഫണ്ട് അനുവദിക്കുന്നതില്‍ മെല്ലെപ്പോക്ക് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിനതിരേയും അസഭ്യം പറയുന്നുണ്ട്. മോദി സര്‍ക്കാരിലെ മന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നഖ് വിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ കാരണം താനാണ്. 6000 കോടിയുടെ കേയി റുബാത്ത് ഫണ്ട് കേയി കുടുംബത്തിന് നല്‍കാനുള്ള അനുമതിക്കായി 1000 കോടി രൂപ നഖ് വി ആവശ്യപ്പെട്ടതിനാലാണ് താന്‍ ഇടപെട്ട് മാറ്റിയതെന്നും ഇതിന് എനിക്ക് കേരളത്തിലെ ബിജെപി നേതാക്കളുടെ ആവശ്യമില്ലെന്നും അവകാശപ്പെടുന്നുണ്ട്. സംഭാഷണം പുറത്തുപറയേണ്ടെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചാണ് സെക്രട്ടറി ഫോണ്‍ കട്ട് ചെയ്യുന്നത്.

ശബ്ദരേഖ പുറത്തുവന്നതോടെ നഗരസഭ ഭരിക്കുന്ന മുസ്‌ലിം ലീഗും യുഡിഎഫും സെക്രട്ടറിക്കെതിരേ പ്രതിഷേധവുമായെത്തി. മുസ് ലിം ലീഗ് ഇന്നലെ നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. പരമത വിദ്വേഷ പ്രചാരണം നടത്തുന്ന സെക്രട്ടറിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഏരിയാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. സെക്രട്ടറിക്കെതിരേ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രത്യേക കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ സെക്രട്ടറിക്കെതിരേ പ്രമേയം അവതരിപ്പിക്കും. പാനൂര്‍ നഗരസഭ ഭരിക്കുന്നത് യുഡിഎഫും ചെയര്‍മാന്‍ ലീഗ് നേതാവ് വി നാസറുമാണ്. നേരത്തേ പോലിസ് ഉദ്യോഗസ്ഥനായിരുന്ന ഇപ്പോഴത്തെ സെക്രട്ടറി അക്കാലത്ത് എന്‍ഡിഎഫ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച കാര്യവും ജീവനക്കാരനോട് വ്യക്തമാക്കുന്നുണ്ട്.

പാനൂര്‍ നഗരസഭാ ഭരണസമിതിയും സെക്രട്ടറിയും തമ്മില്‍ കുറച്ചുകാലമായി അസ്വാരസ്യത്തിലാണ്. കണ്ടിന്‍ജന്‍സി ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായുള്ള ഭിന്നതയാണ് ഒടുവിലത്തെ തര്‍ക്കത്തിന് കാരണം. ഇതിലുള്ള പ്രതിഷേധമാണ് സെക്രട്ടറിയുടെ അസഭ്യവര്‍ഷത്തില്‍ പ്രതിഫലിക്കുന്നത്. പാനൂര്‍ നഗരസഭയില്‍ ആകെയുള്ള 40 അംഗ കൗണ്‍സിലര്‍മാരില്‍ മുസ്‌ലിം ലീഗ് 17, കോണ്‍ഗ്രസ് 6, എല്‍ഡിഎഫ് 14, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.


Next Story

RELATED STORIES

Share it