Sub Lead

ഗസയില്‍ വിദേശ ട്രസ്റ്റിഷിപ്പ് അനുവദിക്കില്ല: ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍

ഗസയില്‍ വിദേശ ട്രസ്റ്റിഷിപ്പ് അനുവദിക്കില്ല: ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍
X

കെയ്‌റോ: ഗസയില്‍ ഒരുതരത്തിലുമുള്ള വിദേശ ട്രസ്റ്റിഷിപ്പും അനുവദിക്കില്ലെന്ന് ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍. ഹമാസും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദും പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഫോര്‍ ഫലസ്തീനും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. ഗസയുടെ ഭാവി ഭരണം, ഭരണ ഘടന, അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഫലസ്തീനികള്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ ഈജിപ്തുമായി സഹകരിച്ച്, അടിയന്തരവും സമഗ്രവുമായ ദേശീയ യോഗം വിളിക്കും. ഫലസ്തീന്‍ വിഷയത്തിലെ നിലപാടുകള്‍ ഏകീകരിക്കുക, ദേശീയ സ്ഥാപനങ്ങള്‍ പുനര്‍നിര്‍മിക്കുക എന്നതും ഈ യോഗത്തിലെ ലക്ഷ്യമാണ്.

സ്വന്തം ഭൂമിയിലുള്ള ഫലസ്തീനി ജനതയുടെ അവകാശങ്ങളോടുള്ള പ്രതിബദ്ധത മൂന്ന് വിഭാഗങ്ങളും ആവര്‍ത്തിച്ചു. ഫലസ്തീനികളുടെ മൗലികാവകാശങ്ങള്‍, അധിനിവേശം ഇല്ലാതാക്കല്‍, സ്വയം നിര്‍ണയാവകാശം, അല്‍ ഖുദ്‌സ് തലസ്ഥാനമായ ഫലസ്തീന്‍ രാഷ്ട്രം തുടങ്ങിയവ നിഷേധിക്കാനാവാത്ത വസ്തുതകളാണ്. ഗസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. '' ഈജിപ്തില്‍ ഒപ്പുവച്ച കരാര്‍ ഇസ്രായേലിന്റെ രാഷ്ട്രീയവും സൈനികവും നയതന്ത്രപരവുമായ പരാജയം കാണിക്കുന്നു.''-പ്രസ്താവന പറയുന്നു.

ഗസ മുനമ്പിലെ ഫലസ്തീന്‍ ജനത 'ഏറ്റവും ഭയാനകമായ ഇസ്രായേലി കുറ്റകൃത്യങ്ങളെ' നേരിടുന്നുവെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. ഐതിഹാസികമായ സ്ഥിരതയും പ്രതിരോധ ശേഷിയും കാണിച്ച അവര്‍ ഇസ്രായേലിന്റെ കുടിയിറക്ക് പദ്ധതികളെ പരാജയപ്പെടുത്തി. ആക്രമണങ്ങളെ തുടര്‍ന്ന് സ്ഥലം മാറിപ്പോയവര്‍ തിരിച്ചുവരുന്നത് അത് കാണിക്കുന്നു. എല്ലാതരം ആയുധങ്ങളുണ്ടായിട്ടും ശത്രുവിന് ഫലസ്തീനികളുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. യെമന്‍, ലബ്‌നാന്‍, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലെ പിന്തുണാ മുന്നണികള്‍ വലിയ സഹായമാണ് ഗസയ്ക്ക് നല്‍കിയത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളിലെ സഹോദര മധ്യസ്ഥരും ഗസയെ സഹായിച്ചു. ലോകത്തെ സ്വതന്ത്രരായ എല്ലാ ജനവിഭാഗങ്ങളും ഗസയ്ക്കും ഫലസ്തീനും പിന്തുണ നല്‍കി. ഫലസ്തീന്‍ ജനതയുടെ ലക്ഷ്യങ്ങള്‍ അവര്‍ സ്വന്തം ലക്ഷ്യമായി ഉയര്‍ത്തിപ്പിടിച്ചെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it