Sub Lead

പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടതില്‍ അന്വേഷണം

പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടതില്‍ അന്വേഷണം
X

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ഉള്‍പ്പെടെ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. ദൃശ്യങ്ങള്‍ പുറത്തായതിനു പിന്നാലെ വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വീഡിയോ പുറത്തുവിട്ടത് തങ്ങള്‍ അല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ അടക്കം അന്വേഷണത്തിന്റെ ഭാഗമാവും.

പാലക്കാട്ടെ സംഭവത്തില്‍ മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

''നിലവിലുള്ള ഉത്തരവ് പ്രകാരം ക്ലാസ് മുറിയിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ അനുവാദമില്ല. അധ്യാപകര്‍ ചെയ്തത് നിലവിലുള്ള ഉത്തരവ് പാലിക്കുക എന്നതാണ്. സാധാരണ രീതിയില്‍ കുട്ടികളില്‍ നിന്ന് പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത്. അപൂര്‍വമായാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. അതിനാല്‍, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊതുപ്രവണതയായി കാണേണ്ടതില്ല.

അഭികാമ്യം അല്ല എന്ന് ഇപ്പോഴത്തെ മുതിര്‍ന്നവര്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്താല്‍ അത്തരം കുട്ടികളെ ശിക്ഷിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. അതാണ് ഓരോ സമൂഹത്തിന്റെയും പരിവര്‍ത്തനങ്ങളില്‍ നിന്ന് നാം പഠിക്കേണ്ടത്. കുട്ടികള്‍ പല കാരണങ്ങളാല്‍ പല തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. അത് വിദ്യാഭ്യാസ സ്ഥാപനമോ കുട്ടിയോ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല. സാമൂഹികമായി കൂടി പരിഹരിക്കേണ്ടതാണ്.

കുട്ടികള്‍ ഈ പ്രായത്തില്‍ ആഗ്രഹിക്കുന്ന സ്വയം പ്രകാശനത്തിനുള്ള അവസരങ്ങള്‍ വീട്ടിലും സമൂഹത്തിലും വിദ്യാലയങ്ങളിലും കുറഞ്ഞു വരുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം പരീക്ഷയുടെ വിജയമായി മാത്രം പരിമിതപ്പെടുത്തരുത്. ദൃശ്യ, സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന പല ദൃശ്യങ്ങളിലും കാണുന്ന അക്രമ രംഗങ്ങള്‍ കുട്ടികളില്‍ എന്ത് സ്വാധീനം ചെലുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളുടെ മനഃശാസ്ത്രം കൂടി പരിഗണിച്ച് പഠിക്കേണ്ടതുണ്ട്''

Next Story

RELATED STORIES

Share it