Sub Lead

മാവോവാദി വേട്ട: പോലിസിനെതിരേ വിമര്‍ശനവുമായി സിപിഐ; ആക്രമണം യക്ഷിക്കഥപോലെയെന്ന് ബിനോയ് വിശ്വം

ഇടയ്ക്കിടെയുണ്ടാവുന്ന മാവോവാദി ഏറ്റുമുട്ടലുകളിലെല്ലാം തലയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ക്കുന്ന തണ്ടര്‍ബോള്‍ട്ടിനെ ഇതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ പഠിപ്പിച്ചേ തീരൂ. മുട്ടിനു താഴെ വെടിവച്ചുകൂടെന്ന് ഏത് മാനുവലാണ് തണ്ടര്‍ബോള്‍ട്ടിനെ പഠിപ്പിച്ചത്. ഇടത് സര്‍ക്കാരിന് ദുഷ്‌പേരുണ്ടാക്കാന്‍ അവര്‍ക്ക് പ്രത്യേക മാനുവലുണ്ടോ.

മാവോവാദി വേട്ട: പോലിസിനെതിരേ വിമര്‍ശനവുമായി സിപിഐ; ആക്രമണം യക്ഷിക്കഥപോലെയെന്ന് ബിനോയ് വിശ്വം
X

തിരുവനന്തപുരം: അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാക്കള്‍ രംഗത്ത്. വലിയ സേനയെ രണ്ടോ മൂന്നോ മാവോവാദികള്‍ ചേര്‍ന്ന് ആക്രമിച്ചെന്നു പറയുന്ന യക്ഷിക്കഥ വിശ്വസിക്കാന്‍ ആരും തയ്യാറാവില്ലെന്നായിരുന്നു സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മാവോവാദി രാഷ്ട്രീയത്തോട് സിപിഐ യോജിക്കുന്നില്ല. ഞങ്ങള്‍ അവരെ കാണുന്നത് വഴി തെറ്റിപ്പോയ സഖാക്കളായാണ്. മാവോവാദി രാഷ്ട്രീയത്തിനു കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ വെടിയുണ്ടകൊണ്ട് അത് പരിഹരിക്കാമെന്ന വഴി കണ്ടുപിടിച്ചത് കോണ്‍ഗ്രസും ബിജെപിയുമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

സിപിഐയും സിപിഎമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ല. ഇതൊന്നും മനസ്സിലാവാത്ത കുറേപേര്‍ കേരള പോലിസിലുണ്ട്. അവര്‍ ഇടതുസര്‍ക്കാരിന്റെ പോലിസ് നയത്തിന് കളങ്കം ചാര്‍ത്തുന്നു. ഇടയ്ക്കിടെയുണ്ടാവുന്ന മാവോവാദി ഏറ്റുമുട്ടലുകളിലെല്ലാം തലയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ക്കുന്ന തണ്ടര്‍ബോള്‍ട്ടിനെ ഇതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ പഠിപ്പിച്ചേ തീരൂ. മുട്ടിനു താഴെ വെടിവച്ചുകൂടെന്ന് ഏത് മാനുവലാണ് തണ്ടര്‍ബോള്‍ട്ടിനെ പഠിപ്പിച്ചത്. ഇടത് സര്‍ക്കാരിന് ദുഷ്‌പേരുണ്ടാക്കാന്‍ അവര്‍ക്ക് പ്രത്യേക മാനുവലുണ്ടോ. തണ്ടര്‍ബോള്‍ട്ടിന്റെ പേരില്‍ കോടികള്‍ ചെലവാക്കുന്നതു ന്യായീകരിക്കാനുള്ള ഏറ്റുമുട്ടലുകളാണു നടക്കുന്നതെന്നു സംശയിച്ചാല്‍ കുറ്റംപറയാന്‍ കഴിയില്ല. ആശയത്തെ ആയുധംകൊണ്ടു നേരിടുന്നത് ഇടതുപക്ഷനയമല്ല.

മാവോവാദികളെന്നാല്‍ വെടിവച്ചുകൊല്ലേണ്ടവര്‍ എന്നല്ല മനസ്സിലാക്കേണ്ടത്. സര്‍ക്കാരിന്റെ നയം ഉള്‍ക്കൊള്ളാത്ത ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്താന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവോവാദികളെ നേരിടുന്നതുമായി ബന്ധപ്പെട്ട് സിപിഐ നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. പാലക്കാട്ട് നടന്നത് എന്താണെന്ന് അറിയില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറാണെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 2016ല്‍ നിലമ്പൂരില്‍ നടന്ന മാവോവാദി വേട്ടയെ കാനം അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോദി ചെയ്യുന്നതുപോലെ കാര്യങ്ങള്‍ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നും മറ്റിടങ്ങളിലുള്ളതുപോലെയുള്ള മാവോവാദി വേട്ട കേരളത്തില്‍ വേണ്ടെന്നും അന്ന് കാനം തുറന്നടിച്ചിരുന്നു.

പാലക്കാട്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പാലക്കാട് എംപി വി കെ ശ്രീകണ്ഠനും രംഗത്തെത്തിയിരുന്നു. വാളയാര്‍ കേസ് മറയ്ക്കാന്‍ സര്‍ക്കാന്‍ കളിച്ച നാടകമാണോ മാവോവാദി വേട്ടയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരത്തിലൊരു ഏറ്റമുട്ടലുണ്ടായിട്ട് അത് നാട്ടുകാര്‍ പോലും അറിഞ്ഞില്ലെന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it