Sub Lead

''ഇസ്രായേല്‍ വംശഹത്യ നടത്തി; ചെറുത്തുനില്‍ക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ട്''-ഓക്‌സ്‌ഫോര്‍ഡ് ചരിത്രകാരന്‍ എവി ശ്‌ലെയിം

ഇസ്രായേല്‍ വംശഹത്യ നടത്തി; ചെറുത്തുനില്‍ക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ട്-ഓക്‌സ്‌ഫോര്‍ഡ് ചരിത്രകാരന്‍ എവി ശ്‌ലെയിം
X

അധിനിവേശ ഫലസ്തീന്‍: ഇസ്രായേല്‍ വംശഹത്യ നടത്തിയെന്നും ചെറുത്തുനില്‍ക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ചരിത്രകാരന്‍ പ്രഫ. എവി ശ്‌ലെയിം. '' പൗരന്‍മാരെ കൊല്ലുന്നത് തെറ്റാണ്. എന്നാല്‍, ഫലസ്തീനികള്‍ അധിനിവേശത്തിലാണ് ജീവിക്കുന്നത്. സായുധ പ്രതിരോധം അടക്കമുള്ള ചെറുത്തുനില്‍പ്പിന് അവര്‍ക്ക് അവകാശമുണ്ട്. ഹമാസ് ഇസ്രായേലി സൈനികതാവളങ്ങള്‍ ആക്രമിക്കുകയും സൈനികരെയും പോലിസുകാരെയും സുരക്ഷാവിഭാഗങ്ങളെയും കൊല്ലുകയും ചെയ്തു. അതൊരു യുദ്ധക്കുറ്റമല്ല.''- ജൂതന്‍ കൂടിയായ പ്രഫ. എവി ശ്‌ലെയിം പറഞ്ഞു.

എന്നാല്‍, ഫലസ്തീനികളുടെ 2023 ഒക്ടോബര്‍ ഏഴിലെ പ്രതിരോധ ഓപ്പറേഷന് പിന്നാലെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഭ്രാന്തും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രേയേലി അധിനിവേശം വളരെക്കാലമായി ഫലസ്തീനികളുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. '' ഫലസ്തീനികളോട് വലിയ അനീതി കാട്ടിയാണ് 1948ല്‍ ഇസ്രായേല്‍ സ്ഥാപിച്ചത്. അക്കാലത്ത് അവര്‍ വംശീയ ഉന്മൂലനം നടത്തി. 1967ല്‍ സൈനിക ബലപ്രയോഗത്തിലൂടെ ചരിത്രപരമായ ഫലസ്തീന്‍ മുഴുവനും കീഴടക്കി. ഫലസ്തീനികള്‍ സയണിസ്റ്റ് പദ്ധതിയുടെ ഇരകളായിരുന്നു.''-അദ്ദേഹം പറഞ്ഞു.

''സ്‌കൂളില്‍ ഞാന്‍ സംഘര്‍ഷത്തിന്റെ സയണിസ്റ്റ് ആഖ്യാനം പഠിച്ചു, ചോദ്യം ചെയ്യാതെ അത് വിശ്വസിച്ചു. ശത്രുക്കളായ അറബികളാല്‍ ചുറ്റപ്പെട്ട സമാധാനപ്രേമികളാണ് ഇസ്രായേല്‍ എന്നാണ് കരുതിയത്. പോരാടുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റുമാര്‍ഗമില്ലെന്ന് വിശ്വസിച്ചു. പതിറ്റാണ്ടുകള്‍ കൊണ്ട് എന്റെ കാഴ്ച്ചപാട് മാറി. ഞാന്‍ മാറിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ അഭിപ്രായ മാറ്റത്തെ ന്യായീകരിച്ചിരുന്നു; എന്റെ രാജ്യമാണ് മാറിയത്. ഇസ്രായേല്‍ ഒരു കുടിയേറ്റ-കൊളോണിയല്‍ പ്രസ്ഥാനമായിട്ടാണ് തുടങ്ങിയത്.''

ഫലസ്തീനി-അറബ് ചെറുത്തുനില്‍പ്പിന്റെ ന്യായമായ രൂപമാണ് ഹമാസ് എന്നും പ്രഫ. എവി ശ്‌ലെയിം പറഞ്ഞു. '' ഹമാസ് അറബ് സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇസ്രായേലി-ഫലസ്തീന്‍ സംഘര്‍ഷം ഹമാസിനെ ഒഴിവാക്കി പരിഹരിക്കാനാവില്ല. ജൂതന്‍മാരുമായി പ്രശ്‌നമില്ലെന്നും ഇസ്രായേലും സയണിസവുമായാണ് പ്രശ്‌നമെന്നും ഹമാസ് എത്രയോ തവണ പറഞ്ഞിരിക്കുന്നു.''

ഗസയിലെ ഇസ്രായേലിന്റെ ഉപരോധത്തെയും അദ്ദേഹം വിമര്‍ശിച്ചു. '' ഗസയിലേക്ക് മാനുഷിക സഹായം അനുവദിക്കാന്‍ ഇസ്രായേല്‍ വിസമ്മതിക്കുകയും പട്ടിണിയെ യുദ്ധ ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നു. അത് വംശഹത്യയല്ലെങ്കില്‍, പിന്നെ എന്താണെന്ന് എനിക്കറിയില്ല. അത് അവരുടെ ഉദ്ദേശ്യത്തെക്കുറിച്ചാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍, ജൂതന്മാര്‍ നാസി ജര്‍മ്മനിയുടെ പ്രതിരോധമില്ലാത്ത ഇരകളായിരുന്നു. ഇന്ന്, ഫലസ്തീനികള്‍ പ്രതിരോധമില്ലാത്ത ഇരകളാണ്.''

വംശഹത്യയില്‍ ഇസ്രായേലി സമൂഹത്തിന്റെ പങ്കും പ്രഫസര്‍ ചൂണ്ടിക്കാട്ടി. '' ബെഞ്ചമിന്‍ നെതന്യാഹു ഒരു സ്വേച്ഛാധിപതിയല്ല. അയാള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്. അതിനാല്‍ ഈ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേല്‍ സമൂഹം മൊത്തത്തില്‍ ഉത്തരവാദികളാണ്. വംശീയത പ്രകടിപ്പിക്കുന്നതില്‍ ഇന്ന് ഇസ്രായേലി സമൂഹത്തിന് ഒരു മടിയുമില്ല. ഉപരിതലത്തിന് താഴെയായിരുന്നത് ഇപ്പോള്‍ അഭിമാനത്തോടെ പുറത്തുവന്നിരിക്കുന്നു.''

ഫലസ്തീനിലെ നിലവിലെ അവസ്ഥയ്ക്ക് പാശ്ചാത്യ ശക്തികള്‍ക്ക് പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''നക്ബയ്ക്ക്(1948ല്‍ ഫലസ്തീനികള്‍ക്കെതിരേ നടത്തിയ കൊടുംക്രൂരതകള്‍) അടിത്തറ പാകിയത് ബ്രിട്ടീഷുകാരാണ്, ഫലസ്തീനികളെ വഞ്ചിച്ചു. ബാല്‍ഫര്‍ പ്രഖ്യാപനം 90 ശതമാനം ഫലസ്തീന്‍ ജനതയുടെയും അവകാശങ്ങള്‍ അവഗണിച്ചു.''

ഇസ്രായേലി അധിനിവേശത്തെ ചെറുക്കാനുള്ള അന്താരാഷ്ട്ര നിയമപ്രകാരമുള്ള അവകാശം ഉപയോഗിക്കുകയാണ് ഹമാസ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. '' ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്നും ഹമാസിനെ ഒഴിവാക്കണം. മറ്റുതരത്തില്‍ ഞാന്‍ ഹമാസിനെ പിന്തുണയ്ക്കുന്നില്ല. പക്ഷേ, അതിന്റെ ചരിത്രവും ഫലസ്തീന്‍ സ്വയം നിര്‍ണയാവകാശം പുനസ്ഥാപിക്കാനുള്ള അവരുടെ പോരാട്ടവും ഞാന്‍ പഠിക്കുന്നു.''-അദ്ദേഹം പറഞ്ഞു.

അറബികളുമായി വളരെ അടുത്തബന്ധമാണ് ജൂതന്‍മാര്‍ക്കുണ്ടായിരുന്നതെന്ന് ഇറാഖി ജൂതന്‍ കൂടിയായ എവി ശ്‌ലെയിം പറഞ്ഞു. '' ഞങ്ങള്‍ അറബികളുമായി സഹവസിച്ചു. അതൊരു വിദൂരമായ കാര്യമായിരുന്നില്ല. സയണിസത്തിന്റെ ഉദയത്തിനും ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനും മുമ്പ് അത് സാധാരണ സംഭവമായിരുന്നു. അറബികളെയും ജൂതന്‍മാരെയും അകറ്റുന്നതില്‍ ഇസ്രായേലിന് പങ്കുണ്ട്. ഇസ്രായേലില്‍ ഞങ്ങള്‍ വ്യവസ്ഥാപിതമായ അറബ് വിരുദ്ധ ബോധവല്‍ക്കരണത്തിന് ഇരയായി. അങ്ങനെ ഇസ്രായേല്‍ ന്യൂനപക്ഷമായ അഷ്‌കെനാസി ജൂത ആധിപത്യമുള്ള അന്യഗ്രഹ രാജ്യവുമായി.''

വെസ്റ്റ് ബാങ്കും ഇസ്രായേലും തമ്മില്‍ അര്‍ത്ഥവത്തായ ഒരു വേര്‍തിരിവ് ഇനിയില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''ഇസ്രായേല്‍ വര്‍ണവിവേചനവും ജൂത മേധാവിത്വവുമാണ്. അതിനാല്‍ ഞാന്‍ മധ്യ നിലപാടില്‍ നിന്നും റാഡിക്കലായ നിലപാട് സ്വീകരിച്ചു. ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിക്കും. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേല്‍ ഖേദിക്കേണ്ടി വരും. കാരണം അവരുടെ പിന്‍ഗാമികള്‍ കൂടുതല്‍ റാഡിക്കലായിരിക്കും.''-അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it