Sub Lead

സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല ; തൃക്കാക്കര വിജയം യുഡിഎഫിന് കൂടുതല്‍ ഊര്‍ജം പകരും: വി ഡി സതീശന്‍

തൃക്കാക്കരയില്‍ സിപിഎമ്മിന്റേത് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. വെല്ലുവിളിക്കുന്നവര്‍ പരാജയപ്പെടുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല ; തൃക്കാക്കര വിജയം യുഡിഎഫിന് കൂടുതല്‍ ഊര്‍ജം പകരും: വി ഡി സതീശന്‍
X

കൊച്ചി:സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയം പ്രതിപക്ഷ പ്രവര്‍ത്തനത്തിനും യുഡിഎഫിനും കൂടുതല്‍ ഊര്‍ജം പകരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ നടപ്പാക്കാത്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്‌കൊണ്ട് വരും. നടപ്പാക്കാത്ത കാര്യങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചരിപ്പിക്കുന്നത്.

സില്‍വര്‍ ലൈന്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെ പ്രതിപക്ഷം എതിര്‍ക്കും. അതേസമയം ജനകീയ പദ്ധതികളില്‍ സര്‍ക്കാരിന് പിന്തുണ നല്‍കും. വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇതില്‍ നിന്നും പിന്‍മാറാന്‍ തയാറാകണം. എല്ലാ വര്‍ഗീയ ശക്തികളെയും ഒരു പോലെ നേരിടാനുള്ള കരുത്ത് സര്‍ക്കാരിനുണ്ടാകണം. വര്‍ഗീയ ശക്തികളെ ചെറുത്ത് തോല്‍പിക്കാന്‍ യുഡിഎഫ് മുന്‍നിരയിലുണ്ടാകും. വര്‍ഗീയ ശക്തികളെ തലപൊക്കാന്‍ അനുവദില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിലും യുഡിഎഫ് ഈ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനുള്ള അംഗീകാരം കൂടിയാണ് ജനവിധിയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

വ്യാജ വീഡീയോ ഉണ്ടാക്കിയത് ആരാണെന്ന് അന്വേഷിക്കുന്നതിനൊപ്പം വ്യാജ ട്രൂ കോളര്‍ ഉണ്ടാക്കിയവരെയും വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയവരെയും കണ്ടെത്തണം. വ്യാജ വീഡിയോയില്‍ ആദ്യം അറസ്റ്റിലായത് സിപിഎമ്മുകാരാണെന്നും തൊട്ടു പിന്നാലെ കോണ്‍ഗ്രസുകാരെ മാത്രം തെരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്തുവെന്നും അതേ സമയം വീഡിയോ പ്രചരിപ്പിച്ച ഒറ്റ ബിജെപിക്കാരെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സെമി കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ മാറ്റിയെടുക്കണമെന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ്. പാര്‍ട്ടി വെറും ആള്‍ക്കൂട്ടമായി മാറരുത്. പാര്‍ട്ടിയേയും മുന്നണിയേയും അധികാരത്തില്‍ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അതിന് വേണ്ടി മുന്നില്‍ നിന്ന് പോരാടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.താന്‍ മുന്നണി പോരാളിയാണ്. ഒരടി പോലും പിറകിലേക്ക് പോകില്ല. തിരിഞ്ഞോടുകയുമില്ല. തൃക്കാക്കരയില്‍ സിപിഎമ്മിന്റേത് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്.

കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. വെല്ലുവിളിക്കുന്നവര്‍ പരാജയപ്പെടുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.കെ വി തോമസിനെതിരെ ആരും വംശീയ അധിക്ഷേപം നടത്തിയിട്ടില്ല. തിരുത തോമയെന്ന് ആദ്യം വിളിച്ചത് സിപിഎമ്മുകാരാണ്. അവരാണ് ചുവന്ന ഷാളിട്ട് സ്വീകരിച്ചതും. അന്നൊന്നും വംശീയമായിരുന്നില്ല. ഒരു വ്യക്തിയെയും പുറകെ നടന്ന് വേട്ടയാടാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. പാര്‍ട്ടിയിലേക്ക് നിരവധി പേര്‍ വരുന്നുണ്ട്. ആരൊക്കെ വരണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. സംഘടനാപരമായ തീരുമാനങ്ങള്‍ കെപിസിസി അധ്യക്ഷന്‍ സ്വീകരിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it