Sub Lead

മദീനയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടികൂടി മരിച്ചു, മരണം അഞ്ചായി

മദീനയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടികൂടി മരിച്ചു, മരണം അഞ്ചായി
X

റിയാദ്: മദീനയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി അബ്ദുള്‍ ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ(10) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ശനിയാഴ്ച വൈകീട്ടാണ് മദീനയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മഞ്ചേരി വെള്ളില സ്വദേശി അബ്ദുള്‍ ജലീല്‍ (52), ഭാര്യ തസ്‌നി തോടേങ്ങല്‍ (40), മകന്‍ ആദില്‍ (13), ജലീലിന്റെ മാതാവ് മൈമൂനത്ത് കക്കേങ്ങല്‍ എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഹാദിയ ഫാത്തിമ അടക്കം ജലീലിന്റെ മറ്റു മൂന്നുമക്കള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. എന്നാല്‍, ചികിത്സയിലിരിക്കെ ബുധനാഴ്ച ഹാദിയ ഫാത്തിമ മരണത്തിന് കീഴടങ്ങി. മറ്റു മക്കളായ ആയിഷ(15) നൂറ(7) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ജലീലിന്റെ ഏഴ് മക്കളില്‍ സൗദി സന്ദര്‍ശനത്തില്‍ നാലു മക്കളാണുണ്ടായത്. മറ്റുമക്കളായ അദ്‌നാന്‍, അല്‍ അമീന്‍, ഹന എന്നിവര്‍ നാട്ടിലാണ്. അപകടവിവരം അറിഞ്ഞ് ഇവര്‍ തിങ്കളാഴ്ച മദീനയില്‍ എത്തിയിരുന്നു. കൂടെ അബ്ദുള്‍ ജലീലിന്റെ രണ്ടു സഹോദരിമാരും ഒരു സഹോദരിയുടെ ഭര്‍ത്താവും നാട്ടില്‍നിന്നുമദീനയിലെത്തി. തുടര്‍ന്ന് നാലുപേരുടെയും മൃതദേഹങ്ങള്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ മദീനയില്‍ ഖബറടക്കി.

30 വര്‍ഷത്തോളമായി ജിദ്ദയിലായിരുന്നു അബ്ദുള്‍ ജലീല്‍. ഭാര്യയും നാല് കുട്ടികളും സന്ദര്‍ശന വിസയിലും ഉമ്മ മൈമൂനത്ത് ഉംറ വിസയിലുമാണ് ജിദ്ദയിലെത്തിയത്. ജിദ്ദയില്‍നിന്ന് മദീന സന്ദര്‍ശനത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം. മറ്റൊരു ട്രെയ്ലര്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡിനു കുറുകെ വീഴുകയും മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയുമായിരുന്നു.

Next Story

RELATED STORIES

Share it