Sub Lead

കര്‍ഷക സമരം: കോണ്‍ഗ്രസിന്റെ രാഷ്ട്രപതി മാര്‍ച്ചിന് പോലിസ് അനുമതി നിഷേധിച്ചു

രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് അനുവദിക്കാനാവില്ല. പകരം രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കുന്ന മൂന്നു നേതാക്കളെ രാഷ്ട്രപതിയെ കാണാന്‍ അനുവദിക്കുമെന്ന് ന്യൂഡല്‍ഹി അഡീഷണല്‍ ഡിസിപി ദീപക് യാദവ് അറിയിച്ചു.

കര്‍ഷക സമരം: കോണ്‍ഗ്രസിന്റെ രാഷ്ട്രപതി മാര്‍ച്ചിന് പോലിസ് അനുമതി നിഷേധിച്ചു
X

ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്താനിരുന്ന രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിന് പോലിസ് അനുമതി നിഷേധിച്ചു. രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് അനുവദിക്കാനാവില്ല. പകരം രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കുന്ന മൂന്നു നേതാക്കളെ രാഷ്ട്രപതിയെ കാണാന്‍ അനുവദിക്കുമെന്ന് ന്യൂഡല്‍ഹി അഡീഷണല്‍ ഡിസിപി ദീപക് യാദവ് അറിയിച്ചു.

മാര്‍ച്ച് പരിഗണിച്ച് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പരിസരത്ത് പോലിസ് 144 പ്രഖ്യാപിച്ചു. രാവിലെ വിജയ് ചൗക്കില്‍ നിന്നും കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് പ്രകടനമായി പോകുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട്, കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ശശി തരൂര്‍ എംപിയും പ്രസ്താവിച്ചിരുന്നു. കര്‍ഷകരുമായി യാതൊരു കൂടിയാലോചനകളും നടത്താതെ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമം നടപ്പാക്കുകയായിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ തിരുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം രാഷ്ട്രപതിക്ക് ഉണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഞായറാഴ്ച കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുറന്ന മനസ്സോടെയെങ്കില്‍ മാത്രമേ സര്‍ക്കാരുമായി ചര്‍ച്ച നടത്തൂവെന്ന് ഇന്നലെ കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it