Sub Lead

രാജ്യത്തിന്റെ പേര് മാറ്റാന്‍ ആര്‍ക്കും അവകാശമില്ല: ശരദ് പവാര്‍

രാജ്യത്തിന്റെ പേര് മാറ്റാന്‍ ആര്‍ക്കും അവകാശമില്ല: ശരദ് പവാര്‍
X
ജല്‍ഗാവ്(മഹാരാഷ്ട്ര): രാജ്യത്തിന്റെ പേര് മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാര്‍. ജി20 അത്താഴ വിരുന്നില്‍ രാഷ്ട്രപതിയെ 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്ന് പരാമര്‍ശിക്കുന്നുവെന്നത് പേരുമാറ്റത്തിനു വേണ്ടിയുള്ള ശ്രമമാണെന്ന ആക്ഷേപത്തിനിടെയാണ് ശരദ് പവാറിന്റെ പ്രസ്താവന. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ നേരിടാന്‍ ലക്ഷ്യമിടുന്ന 28 പാര്‍ട്ടികളുടെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ പാര്‍ട്ടികളുടെ തലവന്‍മാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ശരദ് പവാര്‍ പറഞ്ഞു. 'രാജ്യവുമായി ബന്ധപ്പെട്ട ഒരു പേരില്‍ ഭരണകക്ഷിയെ അസ്വസ്ഥമാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല,' മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്‍സിപി മേധാവി ചോദിച്ചു. ഭരണഘടനയില്‍ ഇന്ത്യയുടെ പേര് മാറ്റുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബുധനാഴ്ച ഇന്‍ഡ്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടി തലവന്മാരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു.

യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടാവും. എന്നാല്‍ (രാജ്യത്തിന്റെ) പേര് മാറ്റാന്‍ ആര്‍ക്കും അവകാശമില്ല. ആര്‍ക്കും പേര് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ സപ്തംബര്‍ 9 മുതല്‍ 10 വരെ ഡല്‍ഹിയിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.


Next Story

RELATED STORIES

Share it