Sub Lead

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴുമോ? പുതിയ രാഷ്ട്രീയ നീക്കവുമായി നിതീഷ്‌കുമാര്‍

എന്‍ഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജനതാദള്‍ (യു) എംഎല്‍എമാരുടെ അടിയന്തര യോഗം ഇന്ന് പട്‌നയില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. നാളെ എംപിമാരുടെ യോഗവും ചേരും.

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴുമോ?  പുതിയ രാഷ്ട്രീയ നീക്കവുമായി നിതീഷ്‌കുമാര്‍
X

ന്യൂഡല്‍ഹി: ബിജെപിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ ബിഹാറില്‍ നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജനതാദള്‍ (യു) എംഎല്‍എമാരുടെ അടിയന്തര യോഗം ഇന്ന് പട്‌നയില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. നാളെ എംപിമാരുടെ യോഗവും ചേരും.

അതേസമയം, ആര്‍ജെഡിയും കോണ്‍ഗ്രസും എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും കൈകോര്‍ത്താല്‍ ബിജെപി ബന്ധമുപേക്ഷിച്ച് നിതീഷിന് സര്‍ക്കാരുണ്ടാക്കാം. സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ സംസാരിച്ചെന്നാണ് റിപോര്‍ട്ടുകള്‍.

രണ്ട് കേന്ദ്ര മന്ത്രി സ്ഥാനം, നിയമസഭ സ്പീക്കറെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന ബിജെപിയുമായി നിതീഷ് ഇടഞ്ഞു നില്‍ക്കുകയാണ്. അഗ്‌നിപഥിലടക്കം പ്രതിഷേധിച്ച നിതീഷ് കുമാര്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും പ്രധാനമന്ത്രി വിളിച്ച നിതി ആയോഗ് യോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു

ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തിയിട്ടുണ്ട്. ബിജെപിയുമായി തുടരുന്ന അതൃപ്തിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു.

ഓഗസ്റ്റ് പതിമൂന്ന് മുതല്‍ 15 വരെ ദേശീയ പതാക എല്ലാ വീടുകളിലും ഉയര്‍ത്തണമെന്ന തീരുമാനത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ അമിത് ഷാ വിളിച്ച യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്താതിരുന്നത് എന്നായിരുന്നു നിതീഷ് കുമാറിന്റെ വിശദീകരണം. എന്നാല്‍ നിതീഷിന്റെ അസാന്നിധ്യത്തോട് ബിജെപി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന നീതി ആയോഗ് യോഗത്തിലും നിതീഷ് കുമാര്‍ വിട്ടുനിന്നു.

Next Story

RELATED STORIES

Share it