Sub Lead

നിപ: അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതം

നിപ: അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതം
X

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളിലെടുത്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാംപിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. രോഗം ബാധിച്ച് മരിച്ച 12കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ 274 പേരുണ്ട്. ഇവരില്‍ ഏഴുപേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.

തുടര്‍ച്ചയായ നാലാം ദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്. ചാത്തമംഗലത്ത് വീടുകള്‍ കേന്ദ്രീകരിച്ചുളള സര്‍വേയില്‍ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നു. അതേസമയം, കോഴിക്കോട് ചാത്തമംഗലത്ത് റിപോര്‍ട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിനൊപ്പം പൂനെ എന്‍ഐവിയില്‍നിന്നുളള വിദഗ്ധസംഘവും പരിശോധനകള്‍ക്കുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക.

തിരുവനന്തപുരം മൃഗരോഗ നിര്‍ണയ കേന്ദ്രത്തിലെ വിദഗ്ധസംഘം ചാത്തമംഗലത്തും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. ഇവിടുത്തെ പക്ഷികളില്‍നിന്നും മൃഗങ്ങളില്‍നിന്നും ശേഖരിച്ച സാംപിളുകള്‍ വിമാനമാര്‍ഗം ഭോപാലിലെ വൈറോളജി ലാബിലേക്കയച്ചു. കാര്‍ഗോ കമ്പനിയുടെ എതിര്‍പ്പാണ് സാംപിളുകള്‍ അയക്കാന്‍ വൈകിയത്. നിപ ഭീതിയെത്തുടര്‍ന്ന് സാംപിളുകള്‍ അയക്കാനാവില്ലെന്നായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് കാര്‍ഗോ കമ്പനിയുടെ നിലപാട്. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്ന് മൃസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it