Big stories

കനത്ത മഞ്ഞുവീഴ്ച: കശ്മീരില്‍ രണ്ട് സൈനികര്‍ ഉള്‍പ്പടെ ഒമ്പതുമരണം; ഗതാഗത, വൈദ്യുതി സംവിധാനങ്ങള്‍ താറുമാറായി

കശ്മീരിന്റെ പല മേഖലകളിലും കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ആയിരക്കണക്കിന് രോഗികള്‍ക്ക് സേവനം നല്‍കുന്ന ശ്രീനഗറിലെ മിക്ക ആശുപത്രികളിലേക്കുമുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്ത മിക്ക ശസ്ത്രക്രിയകളും നിര്‍ത്തിവച്ചു.

കനത്ത മഞ്ഞുവീഴ്ച: കശ്മീരില്‍ രണ്ട് സൈനികര്‍ ഉള്‍പ്പടെ ഒമ്പതുമരണം; ഗതാഗത, വൈദ്യുതി സംവിധാനങ്ങള്‍ താറുമാറായി
X

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കശ്മീരില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ഒമ്പതുപേര്‍ മരിച്ചു. ഇതില്‍ രണ്ട് സൈനികരും ഉള്‍പ്പെടുന്നു. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണരേഖയോട് ചേര്‍ന്നാണ് സൈന്യത്തിനു സാധനസാമഗ്രികളെത്തിക്കുന്ന പ്രദേശവാസികളായ മന്‍സൂര്‍ അഹമ്മദ്, ഇഷാഖ് ഖാന്‍ എന്നീ പോര്‍ട്ടര്‍മാര്‍ മരിച്ചത്. വലിയ മഞ്ഞുപാളി ഇടിഞ്ഞ് ഇവര്‍ക്കുമേല്‍ പതിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം അടിയന്തരസഹായം അനുവദിച്ചതായി ശ്രീനഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. ഇതേ ജില്ലയില്‍ ലങ്കേറ്റ് പ്രദേശത്താണ് കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ വാഹനം നിയന്ത്രണംവിട്ട് മാലിന്യക്കൂമ്പാരത്തിലിടിച്ച് രണ്ട് സൈനികര്‍ മരിച്ചത്. റൈഫിള്‍മാന്‍ ഭീം ബഹാദൂര്‍ പുന്‍, ഗണ്ണര്‍ അഖിലേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്.

വൈദ്യുതി ജോലികളിലേര്‍പ്പെട്ടുകൊണ്ടിരുന്ന പവര്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ടമെന്റ് ഇന്‍സ്‌പെക്ടറും, ഹബാക് പ്രവിശ്യയില്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മരം കടപുഴകി വീണ് യാത്രക്കാരനും മരിച്ചു. കുപ്‌വാരയിലെ ലാംഗാതേ മേഖലയിലായിരുന്നു അപകടം. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മഞ്ഞുവീഴ്ചയില്‍ നിരവധി വീടുകളും തകര്‍ന്നു. കശ്മീരിന്റെ പല മേഖലകളിലും കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ആയിരക്കണക്കിന് രോഗികള്‍ക്ക് സേവനം നല്‍കുന്ന ശ്രീനഗറിലെ മിക്ക ആശുപത്രികളിലേക്കുമുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്ത മിക്ക ശസ്ത്രക്രിയകളും നിര്‍ത്തിവച്ചു. പ്രധാന വിതരണലൈനുകള്‍ തകരാറിലായതിനാലാണ് വൈദ്യുതി ബന്ധം നിലച്ചതെന്ന് ചീഫ് എന്‍ജിനീയര്‍ ഹാഷ്മത് ഖാസി അറിയിച്ചു. ദേശീയപാതയിലൂടെയുള്ള ഗതാഗതവും വിമാനസര്‍വീസും താളംതെറ്റിയിരിക്കുകയാണ്. ശ്രീനഗറിലെ ഏക വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. മഞ്ഞുവീഴ്ച കശ്മീരിലെ ആപ്പിള്‍ തോട്ടങ്ങള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടാക്കി. കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം അടുത്ത 24 മണിക്കൂര്‍കൂടി കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it