Sub Lead

പോപുലര്‍ ഫ്രണ്ട് ബന്ധം ആരോപിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഐഎ നടപടി റദ്ദാക്കി

പോപുലര്‍ ഫ്രണ്ട് ബന്ധം ആരോപിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഐഎ നടപടി റദ്ദാക്കി
X

കൊച്ചി: പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആറു സ്വത്തുക്കളും ഒരു ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയ എന്‍ഐഎ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ട്രിവാന്‍ഡ്രം എഡുക്കേഷന്‍ ട്രസ്റ്റ്, ഹരിതം ഫൗണ്ടേഷന്‍ പൂവന്‍ചിറ, പെരിയാര്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ് ആലുവ, വള്ളുവനാട് ട്രസ്റ്റ് പാലക്കാട്, ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ് കാസര്‍കോട് എന്നീ സ്വത്തുക്കളും എസ്ഡിപിഐയുടെ ന്യൂഡല്‍ഹിയിലെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയ നടപടിയാണ് കോടതി റദ്ദാക്കിയത്. സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനെ ചോദ്യം ചെയ്ത് മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുടെ ട്രസ്റ്റികള്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി. ഈ സ്ഥാപനങ്ങളുമായി പോപുലര്‍ ഫ്രണ്ടിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ഒരു കേസിലെ ആരോപണ വിധേയന് എസ്ഡിപിഐയുടെ ന്യൂഡല്‍ഹി ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന ആരോപണമാണ് ആ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാന്‍ കാരണമായിരുന്നത്. എന്നാല്‍, ഈ ആരോപണവിധേയന്‍ എസ്ഡിപിഐ ഓഫിസിലെ ഡ്രൈവറായിരുന്നു. അയാള്‍ക്കുള്ള ശമ്പളമാണ് ഓരോ മാസവും ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതെന്നും എന്‍ഐഎ കോടതി ചൂണ്ടിക്കാട്ടി.

പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ കണ്ടുകെട്ടിയ 10 വസ്തുവകകള്‍ ജൂണില്‍ കോടതി സ്വതന്ത്രമാക്കിയിരുന്നു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ടുകെട്ടിയ 17 വസ്തുവകകളാണ് ഇതുവരെ വിട്ടുനല്‍കിയിട്ടുള്ളതെന്ന് ഹരജിക്കാരുടെ അഭിഭാഷകനായ പി സി നൗഷാദ് പറഞ്ഞു.

Next Story

RELATED STORIES

Share it