Sub Lead

ഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്‍; നോണ്‍ വെജ് കഴിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി; ഹിന്ദുത്വര്‍ക്ക് തിരിച്ചടിയായി കുടുംബാരോഗ്യ സര്‍വേ റിപോര്‍ട്ട്

രാജ്യത്തെ 15-49 പ്രായപരിധിയിലുള്ള 83.4 ശതമാനം പുരുഷന്മാരും 70.6 ശതമാനം സ്ത്രീകളും ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ സസ്യേതര ഭക്ഷണം കഴിക്കുന്നതായി സര്‍വെ റിപോര്‍ട്ട് വ്യക്തമാക്കുന്നു

ഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്‍; നോണ്‍ വെജ് കഴിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി; ഹിന്ദുത്വര്‍ക്ക് തിരിച്ചടിയായി കുടുംബാരോഗ്യ സര്‍വേ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: മാംസാഹാരത്തിനെതിരേ ഹിന്ദുത്വര്‍ കൊണ്ടുപിടിച്ച പ്രചാരണങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെ രാജ്യത്ത് സസ്യേതര ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളിലായി കുത്തനെ കൂടിയതായി ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്) ഫലങ്ങള്‍ വിശകലനം ചെയ്ത് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ 15-49 പ്രായപരിധിയിലുള്ള 83.4 ശതമാനം പുരുഷന്മാരും 70.6 ശതമാനം സ്ത്രീകളും ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ സസ്യേതര ഭക്ഷണം കഴിക്കുന്നതായി സര്‍വെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.


2015-16നും 2019-21 നും ഇടയിലുള്ള ആറ് വര്‍ഷത്തിനിടെ സസ്യേതര ഭക്ഷണം കഴിക്കുന്ന ഇന്ത്യന്‍ പുരുഷന്മാരുടെ അനുപാതം കുത്തനെ ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മുന്‍ സര്‍വേ പ്രകാരം, രാജ്യത്തെ 78.4% പുരുഷന്മാരും ദിവസവും, ആഴ്ചയിലൊരിക്കല്‍ അല്ലെങ്കില്‍ വല്ലപ്പോഴുമായിരുന്നു നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാറുണ്ടായിരുന്നത്. ഇപ്പോള്‍ ആഴ്ചയില്‍ മാംസാഹാരം കഴിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 57.3 ശതമാനം പുരുഷന്മാരും 45.1 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും മല്‍സ്യമോ ചിക്കനോ മറ്റു മാംസമോ കഴിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.


മത വിഭാഗങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഏറ്റവും കൂടുതല്‍ മാംസാഹാരം കഴിക്കുന്നത് ക്രിസ്ത്യാനികളാണ്. ഇതില്‍ 15-49 പ്രായത്തിലുള്ള 80% പുരുഷന്മാരും 78% സ്ത്രീകളും മാംസാഹാരം കഴിക്കുന്നവരാണ്. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ മുസ്ലീം പുരുഷന്മാരും സ്ത്രീകളുമാണ് രണ്ടാം സ്ഥാനത്ത്. 79.5 % പുരുഷന്മാരും 70.2 % സ്ത്രീകളും 15-49 പ്രായ വിഭാഗത്തില്‍പ്പെട്ടവരാണ്.

മറ്റ് മതവിഭാഗങ്ങളുടെ അനുബന്ധ സംഖ്യകള്‍: ഹിന്ദു പുരുഷന്മാര്‍: 52.5%, സ്ത്രീകള്‍: 40.7%; സിഖ് പുരുഷന്മാര്‍: 19.5%, സ്ത്രീകള്‍: 7.9%; ബുദ്ധ/നിയോബുദ്ധ പുരുഷന്മാര്‍: 74.1%, സ്ത്രീകള്‍: 62.2%; ജൈന പുരുഷന്മാര്‍ 14.9%, സ്ത്രീകള്‍: 4.3%. എന്നിങ്ങനെയാണ്.


നോണ്‍വെജിറ്റേറിയന്‍ ഭക്ഷണത്തിനിടയില്‍ 'മത്സ്യം, ചിക്കന്‍ അല്ലെങ്കില്‍ മാംസം' എിവയേക്കാള്‍ കൂടുതല്‍ ആളുകള്‍ മുട്ട കഴിക്കുന്നതായി സര്‍വെ ഫലം വ്യക്തമാക്കുന്നു. 2015-16ല്‍ 80.3% പേര്‍ മുട്ട കഴിച്ചിരുന്നപ്പോള്‍ ഇപ്പോള്‍ 84.7% ആയി അത് ഉയര്‍ന്നിട്ടുണ്ട്.

മാംസാഹാരം കഴിക്കുന്ന പുരുഷന്മാരുടെ വിഭാഗത്തില്‍ ലക്ഷദ്വീപാണ് ഏറ്റവും മുന്നില്‍ (98.4 ശതമാനം). ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ (96.1%), ഗോവ (93.8%), കേരളം (90.1%), പുതുച്ചേരി (89.9%) എന്നിവയാണ് പട്ടികയിലെ മറ്റ് പ്രദേശങ്ങള്‍. ഈ ഗണത്തില്‍ ഏറ്റവും കുറവ് രാജസ്ഥാനാണ് (14.1 %).


കര്‍ണാടകയിലെയും ലക്ഷദ്വീപിലെയും സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍. അടുത്തിടെ, ബംഗളൂരുവിലും ഡല്‍ഹിയുടെ ചില ഭാഗങ്ങളിലും 'ഹിന്ദു വികാരം' സംരക്ഷിക്കുന്നതിനായി രാമനവമി സമയത്ത് മാംസം വില്‍ക്കുന്നതിന് ഹിന്ദുത്വര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it