Sub Lead

വേണം ആരോഗ്യമുള്ള പുതുതലമുറ; സിഗരറ്റിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ന്യൂസിലാന്റ്

വേണം ആരോഗ്യമുള്ള പുതുതലമുറ; സിഗരറ്റിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ന്യൂസിലാന്റ്
X

വെല്ലിങ്ടണ്‍: പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ന്യൂസിലാന്റ്. ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. 2008ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്‍പ്പന്നങ്ങളോ വാങ്ങാന്‍ സാധിക്കില്ല. ഇതുസംബന്ധിച്ച നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുത്താനാണ് ആലോചിക്കുന്നത്.

അടുത്ത വര്‍ഷം ജൂണില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം കൊണ്ടുവരുന്നതിന് മുമ്പ് സര്‍ക്കാര്‍ വരും മാസങ്ങളില്‍ മാവോറി ഹെല്‍ത്ത് ടാസ്‌ക് ഫോഴ്‌സുമായി കൂടിയാലോചിക്കും. 2024 മുതല്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കും. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ചുശതമാനമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു. ശേഷം പതിയെ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കും. നിലവില്‍ ന്യൂസിലാന്റ് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില വില്‍പ്പനയ്ക്ക് നിരോധമനുണ്ട്. ന്യൂസിലാന്റ് പുകയില വില്‍ക്കുന്നത് നിയന്ത്രിക്കാനും കുറഞ്ഞ നിക്കോട്ടിന്‍ അളവുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മാത്രമേ അനുവദിക്കൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാല്‍, പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന് പുകവലിയാണ്. അഞ്ച് മില്യന്‍ ജനസംഖ്യയില്‍ വലിയൊരു ശതമാനം പേരുടെ മരണത്തിനും ഇത് കാരണമാവുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. പുകയില ഉല്‍പന്നങ്ങളുടെ നിയന്ത്രണങ്ങളുടെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും സിഗരറ്റ് വില്‍ക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. സിഗരറ്റ് വില്‍ക്കാവുന്ന കടകളുടെ എണ്ണം 8,000 ത്തില്‍നിന്ന് 500 ആയി ചുരുക്കാനും ഉത്തരവിട്ടിട്ടുണ്ട്.

സമീപകാലങ്ങളില്‍ നിക്കോട്ടിന്‍ നീരാവിയായി ഉല്‍പാദിപ്പിക്കുന്ന ഇ- സിഗരറ്റ് യുവതലമുറക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിയിട്ടുണ്ട്. ഇത് അപകടരമല്ലെങ്കിലും അര്‍ബുദത്തിന് കാരണമാവുന്ന നിക്കോട്ടിന്റെ അംശങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പുകയില ഉല്‍പന്നങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തെ രാജ്യത്തെ ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്. അംഗീകൃത നിക്കോട്ടിന്‍ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് 2024 മുതല്‍ ഘട്ടം ഘട്ടമായി നടപ്പാക്കും.

2027 ഓടെ ന്യൂസിലാന്റ് അതിന്റെ 'പുകരഹിത' തലമുറയെ സൃഷ്ടിക്കും. അഞ്ച് ദശലക്ഷമുള്ള ജനങ്ങളുള്ള രാജ്യത്ത് 2027ല്‍ 14 വയസും അതില്‍ താഴെയും പ്രായമുള്ള ആളുകളെ സിഗരറ്റ് വാങ്ങാന്‍ ഒരിക്കലും അനുവദിക്കില്ല. യുവാക്കള്‍ ഒരിക്കലും പുകവലി തുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ പുകവലിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ പുതിയ യുവാക്കള്‍ക്ക് വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കും. ന്യൂസിലാന്റിലെ റീട്ടെയില്‍ പുകയില വ്യവസായം ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും നിയന്ത്രിതമായ ഒന്നാണ്.

ഭൂട്ടാന്‍ കഴിഞ്ഞാല്‍ സിഗരറ്റ് വില്‍പ്പനയ്ക്ക് പൂര്‍ണനിരോധനമുണ്ട്. എന്നാല്‍, 2025 ഓടെ പ്രതിദിനം പുകവലിക്കുന്ന ജനസംഖ്യയുടെ 5 ശതമാനത്തില്‍ താഴെ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കര്‍ശനമായ നടപടികള്‍ ആവശ്യമാണ്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്ന് 10 വര്‍ഷത്തിനുള്ളില്‍ ന്യൂസിലാന്റിലെ പുകവലി നിരക്ക് പകുതിയായി കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

15 വയസ്സിനു മുകളില്‍ പ്രായമുള്ള ന്യൂസിലാന്റുകാരില്‍ 11.6 ശതമാനം പുകവലിക്കുന്നവരാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തദ്ദേശീയരായ മുതിര്‍ന്നവരില്‍ ഇത് 29 ശതമാനമായി ഉയരുന്നു. പുതിയ നിയമങ്ങള്‍ എങ്ങനെയെന്നോ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് അവ എങ്ങനെ ബാധകമാവുമെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സിഗരറ്റ് വലിക്കുന്നതിലൂടെ പ്രതിദിനം 14 ന്യൂസിലാന്റുകാര്‍ മരിക്കുന്നുവെന്നാണ് കണക്ക്. മൂന്ന് പുകവലിക്കാരില്‍ രണ്ടുപേര്‍ പുകവലി മൂലം മരിക്കുന്നു- ന്യൂസിലാന്റ് മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍ അലിസ്റ്റര്‍ ഹംഫ്രി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it