Sub Lead

കേരളത്തില്‍ പുതിയ ഭീകര നിയമം വരുന്നു; നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി

സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ നീങ്ങുന്നുവെന്ന വാര്‍ത്ത സെപ്തംബര്‍ ആദ്യവാരം റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്.

കേരളത്തില്‍ പുതിയ ഭീകര നിയമം വരുന്നു; നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി
X

കോഴിക്കോട്: കേരളത്തില്‍ പുതിയ ഭീകര നിയമം നിര്‍മിക്കാനുള്ള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് വടകര എംഎല്‍എ കെ കെ രമയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യം തടയുന്നത് സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതിനായി വിഷയം പരിശോധിക്കുവാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സെപ്തംബര്‍ 3 നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.


ചീഫ് സെക്രട്ടറി ചെയര്‍പേഴ്‌സണ്‍ ആയുള്ള സമിതിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം), നിയമവകുപ്പ് സെക്രട്ടറി, സീനിയര്‍ ലീഗല്‍ കൗണ്‍സില്‍ അംഗം കെ കെ രവീന്ദ്രന്‍ എന്നിവരാണ് ഉള്ളത്. സംഘടിത കുറ്റകൃത്യം തടയുന്നത് സംബന്ധിച്ച് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുവാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ നീങ്ങുന്നുവെന്ന വാര്‍ത്ത സെപ്തംബര്‍ ആദ്യവാരം റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ക്കു മേല്‍ ഒരു തരത്തിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. അത്തരത്തില്‍ ഒരു നിര്‍ദേശവും അംഗീകരിക്കുകയുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അരിയിച്ചത്. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ ഒരു ഫയലും നിലവില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വച്ച രേഖകള്‍ പ്രകാരം ആഭ്യന്തര വകുപ്പ് ആഗസ്ത് 26 ന് തന്നെ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ നീക്കിത്തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാണ്.

യുഎപിഎ അടക്കമുള്ള ഭീകരനിയമങ്ങള്‍ പരസ്യമായി എതിര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ് യുഎപിഎ അടക്കമുള്ള നിയമങ്ങളിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സംഘടിത കുറ്റകൃത്യം തടയുന്ന നിയമം കൊണ്ടുവരാനുള്ള നീക്കം നടത്തുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഈ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍ വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നതില്‍ തര്‍ക്കമില്ല.

Next Story

RELATED STORIES

Share it